സഞ്ചാര സാഹിത്യം
പുരി മുതൽ നാസിക്കുവരെ: നല്ലൊരു കഥാകൃത്ത് എന്ന നിലയിൽ പ്രസിദ്ധി നേടിയിട്ടുള്ള വെട്ടൂർ രാമൻനായരുടെ ഒരു യാത്രവിവരണമാണു് മേല്പറഞ്ഞ കൃതി. 1935-ൽ ഗ്രന്ഥകാരനും, ഡി. സി.യും കൂടി ഉത്തരേന്ത്യയിലെ പ്രധാന പട്ടണങ്ങളിലും പുണ്യ സ്ഥലങ്ങളിലും രണ്ടു മാസത്തോളം 7,000 മൈൽ ദീർഘിച്ച ഒരു യാത്ര ചെയ്യുകയുണ്ടായി. ആ യാത്രയിൽ കണ്ടതും അറിഞ്ഞതുമായ വിഭിന്ന സ്ഥലങ്ങളുടേയും സംഭവങ്ങളുടേയും കുറിപ്പുകൾ പിന്നീടു സാഹിതിരൂപത്തെ പ്രാപിച്ചിട്ടുള്ളതാണു് ഈ യാത്രാവിവരണം. ഒറീസ്സയിലെ ജഗന്നാഥപുരി മുതൽ മഹാരാഷ്ട്രയിലെ നാസിക്ക് വരെയുള്ള ഉത്തരേന്ത്യൻ പ്രദേശങ്ങളെ സംബന്ധിച്ചാണു് ഇതിൽ പ്രതിപാദിക്കുന്നതു്. ഒരു കഥാകാരനെന്നുള്ള നിലയിൽ തനിക്കുള്ള സിദ്ധികൾ ഈ സഞ്ചാര സാഹിത്യത്തിലും തികച്ചും രാമൻനായർ പ്രകാശിപ്പിക്കുന്നുണ്ടു്. വിവിധാനുഭവങ്ങളുടെ സമ്മോഹന ചിത്രങ്ങൾ പലതും ഇതിലുണ്ട്. വിശ്വനാഥകൗളിൻ്റെ കുടുംബവും മറ്റും രവിവർമ്മയുടെ ചിത്രങ്ങൾപോലെ മിഴിവുറ്റവയാണു്. രസികനായ ഒരു സുഹൃത്തിനോടുകൂടി സുദീർഘസമയം യാത്ര ചെയ്തു പിൻവാങ്ങുന്നതുപോലെയുള്ള ഒരു പ്രതീതി പുസ്തകം വായിച്ചവസാനിക്കുമ്പോൾ ഓരോ വായനക്കാരനും ഉണ്ടാകാതിരിക്കയില്ല. വളർച്ച പ്രാപിച്ചുകഴിഞ്ഞിട്ടില്ലാത്ത നമ്മുടെ സഞ്ചാര സാഹിത്യത്തിനു മികച്ച ഒരു നേട്ടം തന്നെയാണു് രാമൻനായരുടെ ഈ യാത്രാവിവരണം.
രുക്‌മിണി രാഘവൻനായർ, 1962 ആഗസ്റ്റ് 19-ാം തീയതിയിലെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അവസാനിപ്പിച്ചതും, അതിനുമുമ്പുള്ള ഏതാനും ലക്കങ്ങളിൽ തുടർച്ചയായി എഴുതിയിരുന്നതുമായ യൂറോപ്പുപര്യടനം നമ്മുടെ യാത്രാവിവരണങ്ങളിൽ പലതുകൊണ്ടും മെച്ചമേറിയ ഒന്നായിത്തോന്നുന്നു. ഓരോ രംഗവും. അവശ്യവിജ്ഞേയങ്ങളായ വിവരണങ്ങളോടുകൂടി മുന്നേറുന്ന അതിലെ കഥാകഥനരീതി അത്യന്തം ആകർഷകമാണു്. അനുഭവങ്ങളുടെ ചിത്രങ്ങൾ അത്യുക്തിയുടെയോ മിത്ഥ്യാസങ്കല്പങ്ങളുടെയോ ചായം പുരട്ടാതെ, കഴിയുന്നത്ര അവയുടെ തനിനിറത്തിൽത്തന്നെ വരച്ചുകാണിക്കുവാൻ ലേഖികയ്ക്കു സാധിച്ചിട്ടുണ്ടു്. മലയാളത്തിലെ പല നല്ല കവിതകളും കൃതികളും വായിച്ചു രസിച്ചിട്ടുള്ള ഒരു സഹൃദയയാണു് ആ ശ്രീമതി. അവരുടെ സഹൃദയത്വത്തിൻ്റെ പ്രതിഫലനം യാത്രാവിവരണത്തിൽ ഉടനീളം വെളിച്ചം വീശിയിട്ടുള്ളതിനാൽ അതു് ഒരു ഗദ്യകാവ്യംപോലെ മാധുര്യമുള്ളതായിത്തീർന്നിട്ടുണ്ട്.
