ഗദ്യസാഹിത്യചരിത്രം. പതിനാറാമദ്ധ്യായം

വിമർശനം

കുഞ്ചൻനമ്പ്യാർ: പ്രസ്തുത കൃതിയാണ് പി. കെ.യുടെ ആദ്യത്തെ വിമർശനഗ്രന്ഥം. പണ്ഡിത പാമരന്മാരെ ഒന്നുപോലെ രസിപ്പിക്കുന്ന നമ്പ്യാരുടെ കവനത്തിൻ്റെ മർമ്മം ഒരുത്തമസഹൃദയൻ്റെ നിലയിൽ ഗ്രന്ഥകാരൻ അതിൽ വ്യക്തമാക്കിയിരിക്കുന്നു. ഭാഷയിലെ ഒന്നാമത്തെ സാഹിത്യഗവേഷണഗ്രന്ഥവും അതുതന്നെ.

കൃഷ്ണഗാഥ: നിർമ്മാണകാലത്തിൻ്റെ മുറയനുസരിച്ചു ദ്വിതീയമെങ്കിലും, പി. കെ.യുടെ നിരൂപണഗ്രന്ഥങ്ങളിൽ അദ്വിതീയമായി വിലസുന്ന ഒന്നത്രേ കൃഷ്ണഗാഥാനിരൂപണം. കൃഷ്ണഗാഥയുടെ കർത്താവാരെന്നുള്ള വിചാരണയിൽ കവനോദയ പ്രവർത്തകന്മാരുടെ വാദമുഖങ്ങളെ ഈ ഗ്രന്ഥത്തിൽ ഒരു പ്രാഡ്വിവാകനു ചേർന്ന ഉറച്ച് ബുദ്ധിചാതുര്യത്തോടും വാഗ് വിലാസത്തോടും കൂടി ശിഥിലീകരിക്കുന്നതു കാണുമ്പോൾ, ശ്രീ നീലകണ്ഠതീർത്ഥപാദസ്വാമികളുടെ ‘അയം സാഹിത്യപഞ്ചാനനഃ’ എന്ന അഭിപ്രായം എത്രയും അന്വർത്ഥമാണെന്നു ആരും തലകുലുക്കി സമ്മതിച്ചു പോകും. പ്രതിഭാപരമായ ഒരു ശൈലിയാണു് കൃഷ്ണഗാഥയുടെ പ്രതിപാദനത്തിൽ സവ്വത്ര തെളിഞ്ഞുകാണുന്നതു്. “കേരളഭാഷാവനിതയ്ക്കുള്ള ആഭരണങ്ങളിൽ പഴക്കവും തിളക്കവും കൂടുന്നകൂട്ടത്തിൽ അഗ്രഗണ്യമായ ഒന്നാകുന്നു ഈ പ്രസംഗത്തിനു വിഷയമായ കൃതി” എന്നുള്ള ഉപക്രമംതന്നെ എത്ര ചേതോഹരവും തേജോമയവുമായിരിക്കുന്നു! പണ്ഡിതോചിതമായ പദപ്രയോഗനിഷ്ക്കർഷ പി. കെ.യുടെ ശൈലിക്കുള്ള ഒരു പ്രത്യേകമുദ്രയാണു്. കൃഷ്ണഗാഥയിൽ അതു സവിശേഷം വിളങ്ങുന്നു. ഒന്നാംഭാഗത്തിൽ ഗ്രന്ഥകർത്താവിനെപ്പറ്റിയുള്ള ചർച്ചയാണു്. അനന്തരം കഥാവസ്തുവിനെപ്പറ്റി ചർച്ചചെയ്യുന്നു. മൂന്നാം ഭാഗത്തിൽ, ഗാഥാകർത്താവിൻ്റെ ചില ഗുണവിശേഷങ്ങളെയാണു് പ്രതിപാദിക്കുന്നതു്. കവിത്വത്തെ മുൻനിറുത്തി കൃഷ്ണഗാഥയ്ക്കു കല്പിക്കാവുന്ന സ്ഥാനമാണു അടുത്ത ചർച്ചാവിഷയം. ഈ ഭാഗത്തു സഹൃദയത്വത്തെയും സൗന്ദര്യാവബോധത്തെയും ആസ്പദമാക്കിയുള്ള പല കാവ്യതത്ത്വങ്ങളും നിരൂപകൻ വെളിപ്പെടുത്തുന്നുമുണ്ടു്. അവസാനഭാഗത്തിൽ കാവ്യോദ്ദേശ്യത്തെ അധീകരിച്ചു പ്രസ്താവിക്കുന്നു. അതിനിടയിൽ ആനുഷംഗികമായി വന്നു ചേർന്ന ഗ്രന്ഥകർത്തൃകാലത്തെപ്പറ്റിയുള്ള ചിന്തയിലേക്ക് അല്പമൊന്നിറങ്ങിയിട്ടു നിരൂപണം അവസാനിപ്പിക്കയും ചെയ്യുന്നു.