ഗദ്യസാഹിത്യചരിത്രം. പതിനാറാമദ്ധ്യായം

വിമർശനം

ഇനിയും ഗണനീയരായ ചിലരെപ്പറ്റി പ്രസ്താവിക്കുവാനുണ്ട്. എൻ. വി. കൃഷ്ണവാരിയർ (കലോത്സവം തുടങ്ങിയ കൃതികൾ), കെ.രാമചന്ദ്രൻ, എം. ശ്രീധരമേനോൻ, ടി. കെ. രാമൻമേനോൻ (സാഹിത്യകല, ഭാരതസാഹിത്യപ്രവേശിക etc.), ഡോക്ടർ എസ്‌. കെ. നായർ (വിചാരമഞ്ജരി, ശരിയും തെറ്റും), എം. ലീലാവതി. കെ. പി. പത്മനാഭൻതമ്പി (ചിത്രകലാദർശനം), പി. ടി. ചാക്കോ (പുരോഗതിയും വിലങ്ങുതടികളും etc.), പവനൻ (പൊളിച്ചെഴുത്തു്, സാഹിത്യ ചർച്ച etc ), നടുവിൽ മഠം ശങ്കരനാരായണയ്യർ (സാഹിത്യ വിചാരം etc.). പി. കെ. പാമേശ്വരൻനായർ (വളരുന്ന സാഹിത്യം, ഭാവരശ്മികൾ), കെ ബാലകൃഷ്ണൻ, എം. പി. ശങ്കുണ്ണിനായർ എന്നു തുടങ്ങിയ ചില നാമധേയങ്ങൾ ഇവിടെ സവിശേഷം സ്മരണീയങ്ങളായിരിക്കുന്നു. ആനുകാലിക പ്രസിദ്ധീകരണങ്ങളാണു് നിരൂപകന്മാരെ വളരെയധികം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതെന്നു പറയുന്നതിൽ തെറ്റില്ല. ഇന്ന് ഏതെങ്കിലും പുസ്തകം വായിക്കയോ, എന്തെങ്കിലും എഴുതാൻ തുടങ്ങുകയോ ചെയ്തിട്ടുള്ളവരെല്ലാം വിമർശകരായിരിക്കയാണു്. നല്ല അടുക്കും മിടുക്കുമുള്ള ഭാഷയിൽ കലയുടെ ധാർമ്മിക മൂല്യങ്ങൾക്കു വിലയിരുത്തി സൃഷ്ടിപരമായി നിർവ്വഹിക്കുന്ന നിരൂപണങ്ങൾ ഏതു ഭാഷയ്ക്കും ശാശ്വത സമ്പാദ്യങ്ങളായിരിക്കുമെന്നുള്ളതിൽ സംശയമില്ല.