വിമർശനം
നമ്മുടെ ദൃശ്യകല: കേരളത്തിലെ ദൃശ്യവിനോദങ്ങളെയാണ് വിദ്യാനിധി, കെ. രാമപ്പിഷാരൊടി എം. എ. ഇതിൽ വിവരിക്കുന്നതു്. ദൃശ്യകലകളെ മുഖ്യങ്ങളായ മൂന്നു വിഭാഗങ്ങളായി തിരിച്ചുകൊണ്ടാണ് പ്രതിപാദനം. ഭഗവതിപ്പാട്ട്, തിയ്യാട്ട് തുടങ്ങി മതപരങ്ങളായ വിനോദങ്ങൾ: പുറപ്പാടു്, തുള്ളൽ തുടങ്ങിയ ലൗകിക ദൃശ്യകലകൾ; സംഘക്കളി, കൃഷ്ണാട്ടം, കൂത്ത് എന്നീ മദ്ധ്യവർത്തികളായ ദൃശ്യകലാഭേദങ്ങൾ ഓരോന്നിനെപ്പറ്റിയും സംക്ഷിപ്തമായി ഇതിൽ വിവരിക്കുന്നു.
മലയാള നാടകങ്ങളിലൂടെ: ആദ്യകാലംമുതൽക്കുതന്നെ ആരംഭിക്കുന്ന – അഭിജ്ഞാന ശാകുന്തളത്തിൻ്റെ വിവർത്തനം മുതല്ക്കാരംഭിക്കുന്ന – മലയാള നാടകങ്ങളുടെ വളർച്ചയും തളർച്ചയും ഉയർച്ചയും വിമർശനബുദ്ധിയോടുകൂടി വിവരിക്കുന്നു. കാട്ടുമാടം നാരായൺ ‘മലയാളനാടകങ്ങളിലൂടെ,’ ഗ്രന്ഥം രണ്ടു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഒന്നാം ഭാഗത്തിൽ, മലയാള നാടകം ആദ്യകാലങ്ങളിൽ എന്നുതുടങ്ങി ഏഴു നിരൂപണപ്രബന്ധങ്ങളും, രണ്ടിൽ, ആധുനിക മലയാളനാടകം എന്നുതുടങ്ങി എട്ടു പ്രബന്ധങ്ങളുമാണുള്ളതു്. മലയാളത്തിലെ നാടകസാഹിത്യത്തിൻ്റെ നിരൂപണപരമായ ഒരു ചരിത്രം ഗ്രഹിക്കുവാൻ കാട്ടുമാടത്തിൻ്റെ ഈ കൃതി ഏറ്റവും ഉപയുക്തമാണ്.
മഹൽസന്നിധികൾ : വിശ്വവിഖ്യാതരായ ഏതാനും എഴുത്തുകാരുടെ ചില കൃതികളെ കെ.സുരേന്ദ്രൻ്റെ പഠനത്തിന് വിഷയമാക്കിയിരിക്കുകയാണ് ഇതിൽ. സുരേന്ദ്രൻ്റെ മാത്രമല്ല, വായനക്കാരുടെയും. ഇബ്‌സൻ, ടോൾസ്റ്റോയി, വാല്മീകി, മോപ്പസാങ്, റോമയിൻ റോളണ്ട്, അപ്ടൻ സിൻക്ലയർ, ദിലീപ്‌കുമാർ റോയി എന്നിവരാണു് ഗ്രന്ഥകാരന്മാർ. ഇബ്സൻ്റെ ‘പാവക്കൂട്’ എന്ന നാടകത്തെ ആസ്പദമാക്കി വ്യക്തിയും കുടുംബവും തമ്മിലുള്ള ബന്ധത്തെ പരാമർശിച്ചു ചെയ്യുന്ന ദീർഘമായ ഒരു ചർച്ചയാണു് ആദ്യത്തെ ഉപന്യാസം. വാല്മീകിയുടെ രാമരാജാവു്, റോമയിൻ റോളണ്ടിൻ്റെ ജീൻക്രിസ്റ്റോഫ്, ടോൾസ്റ്റോയിയുടെ തമഃശക്തി, അന്നകരീനിനാ മുതലായവയെത്തുടർന്നു് അവസാനം ദിലീപ് കുമാർ റോയിയുടെ ‘എമങ് ദി ഗ്രേറ്റ്’ എന്ന പ്രബന്ധത്തിൽക്കൂടി ശ്രീ. അരവിന്ദൻ തുടങ്ങിയ മഹാപുരുഷന്മാരുടെ സന്നിധിയിലാണു നാം ഒടുവിൽ ചെന്നുചേരുന്നതു്. ‘തൂവലും തൂമ്പയു’മാണു്’ സുരേന്ദ്രൻ്റെ മറ്റൊരു കൃതി.
