വിമർശനം
സുകമാർ അഴീക്കോടിൻ്റെ നിരൂപണങ്ങൾ: ധീരമായും ചിലപ്പോൾ ഉഗ്രമായും പേനയെ ചലിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രസിദ്ധ നിരൂപകനാണു് സുകുമാർ അഴീക്കോട്, വാൾ(തൂലിക)കൊണ്ടെന്നതു പോലെ വായ്കൊണ്ടും സമരം ചെയ്യുവാൻ സമർത്ഥനാണ് അദ്ദേഹം. ആശാൻ്റെ സീതാകാവ്യം, രമണനും മലയാള കവിതയും, പുരോഗമന സാഹിത്യവും മറ്റും ഇവ മൂന്നുമാണു പ്രസിദ്ധീകൃതമായ നിരൂപണ ഗ്രന്ഥങ്ങൾ.
ആശാൻ്റെ സീതാകാവ്യം: കേവലമായ ഗ്രന്ഥനിരൂപണമല്ല, ഗ്രന്ഥവിമർശനമാണിതു്. ആശാൻ്റെ ചിന്താവിഷ്ടയായ സീതയെ സമഗ്രമായും നിഷ്കൃഷ്ടമായും ഇതിൽ നിരൂപിക്കുന്നു. “ആദികവിയുടെ വയലിൽ, ആ ഋഷി, കൃഷി ചെയ്യാതെവിട്ട സ്ഥലത്തു് വിത്തിറക്കിയതിൻ്റെ സമൃദ്ധമായ വിളവാണു് ചിന്താവിഷ്ടയായ സീത” എന്നു വിമർശകൻ പ്രസ്താവിക്കുന്നതു സുചിന്തിതമായ അഭിപ്രായമാണെന്നു് ആരും സമ്മതിക്കും. രാമായണം വാല്മീകിയുടെ കൃതിയെങ്കിൽ, ചിന്താവിഷ്ടയായ സീത ആശാൻ്റെ ‘സീതായന’മാണു്. സീതയുടെ വിചാരങ്ങൾ – വിചിന്തനം, വിമർശനം, വിനിന്ദനം, വിഭാവനം എന്നീ നാലു ഘട്ടങ്ങളിലൂടെ പ്രവഹിക്കുന്നതായി ഗ്രന്ഥകാരൻ സമർത്ഥിക്കുന്നു. ഓരോ ഘട്ടത്തിലെ സീതയുടെ ചിന്തകൾക്കു പിന്നിൽ പ്രവർത്തിക്കുന്ന മനഃശാസ്ത്ര സിദ്ധാന്തങ്ങളെ വിശദീകരിക്കുവാനും വിമർശകൻ ഇതിൽ സമർത്ഥമായി യത്നിച്ചിട്ടുണ്ടു്. സീതാകാവ്യത്തെപ്പറ്റി മുൻഗാമികളായ ചില പ്രസിദ്ധ നിരൂപകന്മാർ പുറപ്പെടുവിച്ചിട്ടുള്ള അഭിപ്രായങ്ങളുടെ സാധുതാ സാധുതകളെപ്പറ്റിയുള്ള ഒരു പരിശോധനയും കൃതിയുടെ അവസാനത്തിൽ നിർവ്വഹിക്കുന്നുണ്ട്. ആ പരിശോധന എങ്ങനെയുള്ളതായിരുന്നാലും ആത്മവിശ്വാസത്തിൻ്റെ കൊടുമുടിയിൽ നിന്നുകൊണ്ടാണു് ഗ്രന്ഥകാരൻ ആ ഭാഗം നിർവ്വഹിക്കുന്നതെന്നു് ആരും സമ്മതിക്കും. ഭാഷയിലെ നിരൂപണശാഖയ്ക്ക് അഭിമാനിക്കാവുന്ന ഒരു കൃതിയാണു് ആശാൻ്റെ സീതാകാവ്യം. രമണൻ്റെ നിരൂപണത്തിലും അഴീക്കോടിൻ്റെ കഴിവുകൾ തെളിഞ്ഞു വിളങ്ങുന്നുണ്ടെന്നു മാത്രം പറയുവാനേ ഇവിടെ തരമുള്ളു. ‘ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു’ അഴീക്കോട് അടുത്തകാലത്തു പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഒരു വിമർശന ഗ്രന്ഥമാണതു്. മലയാളത്തിലെ റൊമാൻ്റിക്കു് കവിതയുടെ അപചയത്തെക്കുറിച്ചുള്ള ഒരു പഠനവുമാണത്.
