ഗദ്യസാഹിത്യചരിത്രം. പതിനാറാമദ്ധ്യായം

വിമർശനം

വിലയിരുത്തൽ: പുളിമാന, മുണ്ടശ്ശേരി, ദേവ്, കാരൂർ, പൊറ്റെക്കാട്ട്, നാലപ്പാടൻ, തകഴി, കെ. ദാമോദരൻ തുടങ്ങിയവരുടെ ചില കൃതികളെ നിരൂപണം ചെയ്തു സാഹിത്യത്തിൽ അവയ്ക്കുള്ള വില നിശ്ചയിച്ചു വിധിയെഴുതുകയാണു് ഇതിലെ നിരൂപണങ്ങളിൽ. വെട്ടൂരിൻ്റെ ‘ദേവദാസി’യെ വിമർശിക്കുമ്പോൾ അതിലെ ‘സന്മാർഗ്ഗഭാണ്ഡ’ത്തെ അഴിച്ചുനോക്കി പറയുന്ന ഒരു ഭാഗം കേൾക്കുക: “ഇതൊക്കെ ഈ നാട്ടിൽ നടക്കുന്ന കാര്യങ്ങളാണു്. അവയുടെ നേരെ കണ്ണടച്ചിട്ടും അവയെ ചിത്രീകരിക്കാൻ ധൈര്യപ്പെടുന്ന റിയലിസ്റ്റ് സാഹിത്യകാരന്മാരെ പുലഭ്യം പറഞ്ഞിട്ടും കാര്യമില്ല, ഇതെല്ലാം തെറ്റാണു്, ഇതെല്ലാം മാറണം എന്ന് ഒഴുക്കൻ മട്ടിൽ പറയുന്നതുകൊണ്ടും നാം എവിടെയും എത്തുന്നില്ല. ഇതൊന്നും ശരിയല്ലെങ്കിൽ മറ്റെന്താണ് ശരിയെന്നാലോചിക്കണം. ആ പരിശ്രമത്തിനു് സാമ്പത്തിക കാരണങ്ങൾ മാത്രം അന്വേഷിച്ചാൽ പോരാ. മനുഷ്യനു മാനസികമായിക്കൂടി ഒരു പരിവർത്തനം ആവശ്യമാണു്. ഇതു മതത്തിൻ്റെ മാനസാന്തരമല്ല. ജീവിതവീക്ഷണത്തിലുള്ള ഒരു സമൂല പരിവർത്തനമാണു. പാരമ്പര്യഭാണ്ഡം തലയിൽ നിന്നിറക്കിവെച്ചിട്ടു ചിന്തിച്ചാൽ മാത്രമേ അതു കഴിയൂ.” ഇത്തരത്തിൽ സ്വാഭിപ്രായങ്ങൾ പറയുവാൻ സി. ജെ. ഒരിടത്തും മടിക്കാറില്ല.

ഇവനെൻ്റെ പ്രിയപുത്രൻ: ഹോമറും വാല്മീകിയും എൻ. എസ്. കൃഷ്ണനും, കുറുക്കുവഴികൾ, സപത്നിയോ വേശ്യയോ കന്യാസ്ത്രീയോ, തെറി, അവനെ ക്രൂശിക്കുക! ഇത്തരത്തിലുള്ളവയാണ് ഇതിലെ 15 നിരൂപണ പ്രബന്ധങ്ങൾ ശീർഷകങ്ങൾ കൊണ്ടുതന്നെ ഇവയിലെ വിപ്ലവാത്മകതയും ഒട്ടൊക്കെ അനുമാനിക്കാവുന്നതാണല്ലോ.

സാനുവിൻ്റെ കാറ്റും വെളിച്ചവും: ഉത്തരോത്തരം ഉയർന്നുവരുന്ന ഒരു വിമർശകനാണു് എം. കെ. സാനു എം. എ. ഏതു കൃതിയുടേയും മർമ്മം അതിവേഗത്തിൽ ഗ്രഹിക്കുന്നതിനും, വിഞ്ജേയമായ അംശത്തെ ഉചിതരൂപത്തിൽ പ്രകടിപ്പിക്കുന്നതിനും വേണ്ട ശക്തിയും നിപുണതയും കലർന്ന ഒരു കലാകാരനാണു് ഈ യുവാവു. പാശ്ചാത്യ സാഹിത്യത്തിൻ്റെ പുതു പ്രവണതകളെ ആദരിക്കുന്നവയാണ് അദ്ദേഹത്തിൻ്റെ നിരൂപണങ്ങളിൽ അധികവുമെന്നു തോന്നുന്നു. ‘കാറ്റും വെളിച്ചവും’ എന്ന സമാഹാരത്തിലെ, സാഹിത്യവും ജീവിതസമരവും, ആധുനിക നോവലിസ്റ്റിനെ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ എന്നീ പ്രബന്ധങ്ങൾ കൂടുതൽ ശ്രദ്ധേയങ്ങളാണു്. ‘രണ്ടു മനഃപരിവർത്തനകഥകൾ’ എന്ന ഉപന്യാസം. ആശാൻ്റെ ‘ചണ്ഡാലഭിക്ഷുകി’യേയും വള്ളത്തോളിൻ്റെ ‘മഗ്ദലനമറിയത്തേയും പുതിയൊരു കാഴ്ചപ്പാടിലൂടെ നോക്കിക്കണ്ട് വിലയിരുത്താൻ നടത്തിയ പരിശ്രമത്തിൻ്റെ ഫലമാണു്. സി. ജെ. തോമസിൻ്റെ ‘ ആ മനുഷ്യൻ നീതന്നെ’ എന്ന മഹത്തായ നാടകത്തിൻ്റെ ഒരേയൊരു പഠനവും ഇതിനകത്താണുള്ളതു് – കുറ്റവും ശിക്ഷയും!