ഗദ്യസാഹിത്യചരിത്രം. പതിനാറാമദ്ധ്യായം

വിമർശനം

കാവ്യാസ്വാദനം: അച്ഛനും മകളും, ഭദ്രദീപം, നളിനിയും രാധയും, ലക്ഷ്മണ വിഷാദം, ചക്രവാകസന്ദേശം, വീണപൂവ്, വള്ളത്തോളിൻ്റെ ശിഷ്യൻ, അയ്യപ്പദണ്ഡകം, കന്നിക്കൊയ്ത്തു്. അന്തർദ്ദാഹം ഇങ്ങനെ പത്തെണ്ണമാണു് കാവ്യാസ്വാദനത്തിലുള്ളതു്. ഒരു സഹൃദയൻ എങ്ങനെ കാവ്യങ്ങളെ ആസ്വദിക്കുമോ അതിൻ്റെ ശരിയായ ചിത്രങ്ങൾ ഓരോന്നിലും പ്രകാശിപ്പിക്കുന്നുണ്ട്.

വിശ്വകാന്തി: കവിയും ശാശ്വതമൂല്യങ്ങളും എന്നു തുടങ്ങിയ പന്ത്രണ്ടു പ്രമേയങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. ഓരോന്നും പഠനാർഹമായവിധത്തിൽ സംവിധാനം ചെയ്തിട്ടുള്ളവയാണു്. ‘വിചാരദിപ്തി’ യിൽ സാഹിത്യവും ജീവിതമൂല്യവും, വിവേകാനന്ദൻ, ഒരു കവി, കുഞ്ചൻനമ്പ്യാരുടെ ഉല്പതിഷ്ണുത്വം, ആഖ്യായിക, വിശ്വസാഹിത്യത്തിൽ, പുസ്തകസപ്തകം, ഭഗവൽഗീത ഇംഗ്ലീഷിൽ, വാഗ്വാർത്ഥങ്ങൾ, പുസ്തക നിരൂപണം, കവിഭാഷ, അലങ്കാരം, നിരൂപണം ചരിത്രപശ്ചാത്തലത്തിൽ, ചങ്ങമ്പുഴക്കവിത എന്നിവയെപ്പറ്റിയുള്ള ചിന്തകളുടെ പ്രകാശനമാണടങ്ങിയിട്ടുള്ളതു്. കലാസുന്ദരമായ വിധത്തിൽ ഏതുവിഷയവും ആവിഷ്ക്കരിക്കുവാനുള്ള കഴിവു് ഗോവിന്ദൻകുട്ടിനായരുടെ എല്ലാ നിരൂപണങ്ങളിലും തെളിഞ്ഞുകാണാം.

സി. ജെ. തോമസ് : ബുദ്ധിജീവികളിൽത്തന്നെ ഒരു പ്രത്യേകത പുലർത്തിക്കൊണ്ടിരുന്ന ഒരസാധാരണ വ്യക്തിയാണു് സി. ജെ തോമസ്‌. തനിക്കു താൻപോന്നവനെന്നമട്ടിൽ അല്ലെങ്കിലും, തനിക്കു തൻ്റേതായ ചില തത്ത്വങ്ങളും ആശയങ്ങളും തോമസിനുണ്ടായിരുന്നു. അവയെ തൻ്റെ സർവ്വശക്തികളുമുപയോഗിച്ചു പുലർത്തുവാനാണു് അദ്ദേഹം ആദ്യന്തം യത്നിച്ചിരുന്നതു്. അതിൽ എതിർപ്പോ, പരാജയമോ, മറ്റുള്ളവരുടെ ഇഷ്ടാനിഷ്ടങ്ങളോ ഒന്നും കാര്യമായി ഗണിച്ചിരുന്നുമില്ല. അദ്ദേഹത്തിൻ്റെ ഈ സ്വഭാവവിശേഷം, മത സമുദായ രാഷ്ട്രീയ കാര്യങ്ങളിൽ മാത്രമല്ല, അവയുടെയെല്ലാം പ്രതിഫലനമായ സാഹിത്യ ജീവിതത്തിലും തെളിഞ്ഞുകാണാം. നാടകങ്ങളാണല്ലോ തോമസിൻ്റെ മുഖ്യകൃതികൾ. എന്നാൽ വിമർശനങ്ങളിലും ഈ സ്വഭാവത്തിൻ്റെ നിഴലാട്ടം കുറവൊന്നുമല്ല. സി. ജെ.യുടെ പ്രധാന നിരൂപണകൃതികൾ, വിലയിരുത്തൽ, ഇവനെൻ്റെ പ്രിയപുത്രൻ, ധിക്കാരിയുടെ കാതൽ എന്നിവയാണു്.