ഗദ്യസാഹിത്യചരിത്രം. പതിനാറാമദ്ധ്യായം

വിമർശനം

ഏ. ആറിൻ്റെ കൃതികൾ: കാന്താരതാരകം: ഉണ്ണായിവാര്യരുടെ നളചരിതം ആട്ടക്കഥയ്ക്ക് ഏ ആർ. രാജരാജവർമ്മ എഴുതിച്ചേർത്തിട്ടുള്ള വ്യാഖ്യാനത്തിൻ്റെ പേരാണ് കാന്താരതാരകമെന്നതു്. വാര്യരുടെ ആട്ടക്കഥയെ മലയാളികൾ വേണ്ടപോലെ ആദരിക്കുവാൻ തുടങ്ങിയതു കാന്താരതാരകത്തിൻ്റെ ആവിർഭാവത്തോടുകൂടിമാത്രമാണു്. ദുരൂഹ ങ്ങളായ പല അർത്ഥവിശേഷങ്ങളെയും കാന്താരതാരകത്തിൽ (പ്രത്യേകിച്ച് ഒന്നും രണ്ടും ദിവസത്തെ കഥകളിൽ) വെളിപ്പെടുത്തിയിരിക്കുന്നു. നളചരിതം ആട്ടക്കഥയുടെ അവതാരികയായി അതിൽ ചേർത്തിട്ടുള്ള നിരൂപണഭാഗം ഗ്രന്ഥനിരൂപണത്തിനു് ഉത്തമ മാതൃകയാണ്. മൂലകഥ, ഇതിവൃത്തം, കാലദേശങ്ങൾ, കഥാപാത്രങ്ങൾ, സംഗീതം, സാഹിത്യം എന്നീ അംശങ്ങൾ ഓരോന്നിനേയും പുരസ്‌കരിച്ചു വ്യാഖ്യാതാവ് അവതാരികയിൽ ചെയ്തിട്ടുള്ള നിരൂപണങ്ങൾ കാവ്യപഠിതാക്കൾക്കു രസാസ്വാദനത്തിൽ ഏറ്റവും സഹായകമായി വിലസുന്നു.

രാജരാജീയം: വലിയകോയിത്തമ്പുരാൻ്റെ മയൂരസന്ദേശം, ഭാസ കവിയുടെ സ്വപ്നവാസവദത്തം, ഉണ്ണായിവാര്യരുടെ നളചരിതം കഥകളി എന്നീ കൃതികളെ പുരസ്കരിച്ചു ഏ. ആർ. നിരൂപണപരമായി എഴുതിയിട്ടുള്ള മൂന്നു പ്രബന്ധങ്ങളുടെ സമാഹാരമാണിതു്. പുസ്തകങ്ങൾ എങ്ങനെയാണു് നിരൂപണം ചെയ്യേണ്ടതെന്നു് ഒരു വ്യവസ്ഥയുമില്ലാത്ത ഇന്നത്തെ നിരൂപകലോകം മേല്പറഞ്ഞ നിരൂപണങ്ങൾ ശ്രദ്ധിച്ചുപഠിക്കുന്നതു് ഏറ്റവും നന്നായിരിക്കും. പ്രസാധകൻ എന്ന നിലയിൽ ഏ. ബാലകൃഷ്ണപിള്ള ഇതിൽ ഓരോ പ്രബന്ധത്തിനും എഴുതി ചേർത്തിട്ടുള്ള സുദീർഘവും വിമർശനപരവുമായ മുഖവുരകൾ മലയാള സാഹിത്യത്തിനു് ഒരു നൂതനസരണി തുറന്നുകാണിക്കുകയും ചെയ്യുന്നു.