ഗദ്യസാഹിത്യചരിത്രം. പതിനാറാമദ്ധ്യായം

വിമർശനം

സംസ്‌കാരലോചനം: ദാരിദ്ര്യം നീങ്ങിയതുകൊണ്ടുമാത്രം മനുഷ്യൻ്റെ ദുഃഖം നീങ്ങുന്നതല്ല. സംസ്‌കാരത്തിനു് അതിൽ വലിയൊരു പങ്കുണ്ടു്. ആത്മാർത്ഥവും അടിയന്തിരവുമായ ശ്രദ്ധ, ആ വിഷയത്തിൽ പതിപ്പിച്ചേ മതിയാവൂ. ഈ ആദർശത്തെ പുരസ്ക്കരിച്ചു ഭാസ്ക്‌കരൻ നായർ എഴുതിയിട്ടുള്ള ഒരു പ്രബന്ധമാണ് സംസ്‌കാരലോചനം. സംസ്ക്കാരത്തിൻ്റെ മാതൃകകൾ, ഇന്നത്തെ ആദർശങ്ങൾ എന്നുതുടങ്ങിയ ഏഴദ്ധ്യായങ്ങൾ അതിൽ ഉൾക്കൊള്ളുന്നു. ഏറ്റവും പഠനാർഹമായ ഒരു കൃതിയാണു് സംസ്‌കാരലോചനം.

ധന്യവാദം: സാഹിത്യം, സംസ്‌കാരം എന്നീ വിഷയങ്ങളെസംബന്ധിച്ച് എഴുതിയിട്ടുള്ള 19 പ്രബന്ധങ്ങളുടെ സമാഹാരമാണു് ധന്യവാദം. സപ്തതിവർഷനായ മഹാകവി വള്ളത്തോളിനു ധന്യവാദം നല്കുന്നതാണ് ആദ്യത്തെ പ്രബന്ധം. കേരളത്തിൻ്റെ ആത്മചൈതന്യം, സ്മരണാഞ്ജലി, ആശാൻ്റെ കാവ്യകല, ഉള്ളൂർ, ശ്രീനാരായണൻ്റെ സന്ദേശം എന്നിങ്ങനെയുള്ളവയാണു് ഇതിലെ മറ്റു ലേഖനങ്ങൾ.

ഇളംകുളം കുഞ്ഞൻപിള്ളയുടെ കൃതികൾ: ഒരു പത്തുപതിനാറു കൊല്ലങ്ങൾക്കിപ്പുറം മലയാള സാഹിത്യരംഗത്തു പ്രത്യക്ഷപ്പെട്ടു പ്രസിദ്ധനായിത്തീർന്നിട്ടുള്ള ഒരു ഗവേഷണകുശലനാണു് ഇളംകുളം കുഞ്ഞൻ പിള്ള. ചുരുങ്ങിയ ഈ കാലയളവിനുള്ളിൽ അദ്ദേഹം സഞ്ചരിച്ച ഭാഷാചരിത്രഗവേഷണ രംഗങ്ങളിൽ, മറ്റാർക്കും നേടുവാൻ കഴിഞ്ഞിട്ടില്ലാത്ത കീർത്തിയും പ്രാമാണികത്വവും അദ്ദേഹത്തിനുണ്ടായിക്കഴിഞ്ഞിട്ടുണ്ടു്. ഉണ്ണുനീലിസന്ദേശം ചരിത്രദൃഷ്ടിയിൽക്കൂടി, ഭാഷയുടെ വികാസ‌പരിണാമങ്ങൾ, ഭാഷയും സാഹിത്യവും നൂറ്റാണ്ടുകളിൽ, സാഹിത്യചരിത്ര സംഗ്രഹം, ലീലാതിലകം, ഉണ്ണുനീലിസന്ദേശം, ചന്ദ്രോത്സവം എന്നിവയുടെ നിരൂപണപരമായ വ്യാഖ്യാനങ്ങൾ, കേരള ചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകൾ, കേരളം അഞ്ചും ആറും നൂറ്റാണ്ടുകളിൽ, ചേരസാമ്രാജ്യം ഒമ്പതും പത്തും നൂറ്റാണ്ടുകളിൽ എന്നിങ്ങനെയുള്ളവയാണ് അദ്ദേഹം പ്രസിദ്ധപ്പെടുത്തിയിട്ടുള്ള പ്രധാന കൃതികൾ. കേരളചരിത്രത്തിലും ഭാഷാചരിത്രത്തിലും താല്പര്യമുള്ളവർക്ക് ഒരിക്കലും അവഗണിക്കുവാൻ സാധിക്കാത്തവയാണ് പ്രസ്തുത കൃതികൾ ഓരോന്നും, ഇവയിൽ ഒടുവിൽ പറഞ്ഞ മൂന്നുകൃതികളെപ്പറ്റി ചരിത്രവിജ്ഞാനീയം എന്ന അദ്ധ്യായത്തിലും, ഭാഷയുടെ വികാസപരിണാമങ്ങൾ ഭാഷാവിജ്ഞാനീയം എന്ന അദ്ധ്യായത്തിലും സാഹിത്യചരിത്രസംഗ്രഹം, സാഹിത്യചരിത്രഗ്രന്ഥങ്ങൾ എന്ന അദ്ധ്യായത്തിലും വിവരിക്കുന്നതായിരിക്കും കൂടുതൽ യുക്തമെന്നു കരുതുന്നു. അതിനാൽ മററുള്ളവയിൽ ചിലതിനെപ്പറ്റി മാത്രമേ ഇവിടെ പരാമർശിക്കുന്നുള്ളു.