ഗദ്യസാഹിത്യചരിത്രം. പതിനാറാമദ്ധ്യായം

വിമർശനം

കെ. എൻ. എഴുത്തച്ഛൻ്റെ കിരണങ്ങൾ: വളരെയധികം വായിച്ചും പഠിച്ചും കൃതികൾ എഴുതുന്ന ഒരു കലാകാരനാണ് കെ.എൻ. എഴുത്തച്ചൻ. നിരൂപണപരമായ പ്രബന്ധങ്ങളാണ്, അധികവും എഴുതിയിട്ടുള്ളതു്. കിരണങ്ങൾ അത്തരം പ്രബന്ധങ്ങളുടെ ഒരു സമാഹാരമാണു്‌. പല മാസികകളിലും ആഴ്ചപ്പതിപ്പുകളിലും പ്രസിദ്ധപ്പെടുത്തിയിരുന്ന 20 പ്രബന്ധങ്ങളാണതിലുള്ളതു്. ശുദ്ധകലാവാദം, ചില കലാനിർവ്വചനങ്ങൾ, ശക്തി അഥവാ വാസന, സാഹിത്യനിരൂപണം, ആശാൻ്റെ തത്ത്വശാസ്ത്രം, എഴുത്തച്ഛൻ്റെ സംഭാവന, ഋഗ്വേദത്തിലെ കാവ്യശില്പം, റഷ്യൻ സാഹിത്യചരിത്രം, ലോകത്തിലെ ഏകഭാഷാപ്രശ്നം എന്നിങ്ങനെയുള്ളവയാണു് അതിലെ പ്രമേയങ്ങൾ. വായനക്കരുടെ ചിന്താശീലത്തേയും ജിജ്ഞാസയേയും പോഷിപ്പിക്കുവാൻ പ്രേരണ നല്കുന്നവയാണു് മിക്ക ഉപന്യാസങ്ങളും; മിക്കവയും സാഹിത്യപരങ്ങളുമാണു്. കതിർക്കുല, ഇലയും വേരും എന്നിവ എഴുത്തച്ചൻ്റെ മറ്റു ചില സമാഹാരങ്ങളാകുന്നു.

കണ്ണശ്ശന്മാരും എഴുത്തച്ഛനും: ഈ. കെ. നാരായണപിള്ള എഴുതിയിട്ടുള്ള ഒരു നിരൂപണഗ്രന്ഥമാണിതു്. എഴുത്തച്ചൻ്റെ ജീവിതകാലത്തെപ്പറ്റി പണ്ഡിതന്മാരുടെയിടയിൽ ഇന്നും വിവാദമാണല്ലോ. പ്രസ്തുത കൃതിയിൽ, തെലുങ്കുഭാഷയിലുള്ള ഒരു ‘കല്യാണസുന്ദരം രേഖ’യിൽ എഴുത്തച്ഛൻ കൊല്ലവർഷം 661-ൽ ജനിച്ചുവെന്നു വിശദമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും, സൂര്യനാരായണനെഴുത്തച്ഛൻ ഗുരുവിൻ്റെ ചരമത്തെ സൂചിപ്പിച്ചെഴുതിയിട്ടുള്ള ഒരു പദ്യത്തിൽ ‘ഹംസപ്രാപ്യന്നു സൗമ്യം’ എന്ന കലിദിനസംഖ്യ കൊള്ളിച്ചിട്ടുണ്ടെന്നും, അതനുസരിച്ച് എഴുത്തച്ഛൻ്റെ ചരമം 732 ധനു 24-ാം തിയതി ഉത്രം നക്ഷത്രത്തിലാണെന്നും നാരായണപിള്ള പറഞ്ഞുകാണുന്നു. കല്യാണസുന്ദരം രേഖയെപ്പറ്റിയും ചരമശ്ലോകത്തെപ്പറ്റിയും ഭിന്നാഭിപ്രായമില്ലാതിരുന്നെങ്കിൽ, അദ്ദേഹത്തിൻ്റെ ഈ അഭിപ്രായം ഇന്നത്തെ വിവാദങ്ങൾക്ക് ഒരു ശമനംതന്ന ആകുമായിരുന്നു. ഏതായാലും പ്രസ്തുത കൃതി മറ്റു വിധത്തിലും ഗവേഷകന്മാരുടെ ശ്രദ്ധയെ അർഹിക്കുന്ന ഒന്നുതന്നെ.

ശൂരനാട്ടു കുഞ്ഞൻപിള്ളയുടെ കൃതികൾ : ഭാഷയെസ്സംബന്ധിച്ചും സാഹിത്യത്തെസ്സംബന്ധിച്ചും ശൂരനാട്ടു കുഞ്ഞൻപിള്ളയേപ്പോലെ ഇത്രയേറെ അവഗാഹം സിദ്ധിച്ചിട്ടുള്ള പണ്ഡിതന്മാർ കേരളത്തിൽ അധികം പേരുണ്ടെന്നു തോന്നുന്നില്ല. അദ്ദേഹവുമായി സംഭാഷണം ചെയ്യാൻ ഇടവന്നിട്ടുള്ള സന്ദർഭങ്ങളിലെല്ലാം, ഈ വിജ്ഞാനനിധി എന്തേ ഇതെല്ലാം വൈഖരീരൂപത്തിൽ പ്രകാശിപ്പിക്കാത്തതു് എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരു മഹാശബ്ദകോശം മുഴുവൻ തൻ്റെ ഉള്ളിൽ ഒതുങ്ങി നിൽക്കുന്നതു പുറത്തുവിട്ടിട്ടാകാം. മറ്റു സംരംഭങ്ങൾ എന്നു് അദ്ദേഹം കരുതുന്നുണ്ടോ എന്തോ? ഇങ്ങനെയൊക്കെയാണെങ്കിലും കുഞ്ഞൻപിള്ള വിമർശനശാഖയ്ക്കു വിലപ്പിടിപ്പുള്ള ചില സംഭാവനകൾ ഇതിനകം നൽകാതിരുന്നിട്ടുമില്ല. സാഹിത്യപ്രവേശിക, ലീലാതിലക വ്യാഖ്യാനം, തിരുമുൽക്കാഴ്ച, സാഹിത്യഭൂഷണം മുതലായ കൃതികൾ അത്തരത്തിൽ പെട്ടവയാണു്.