ഗദ്യസാഹിത്യചരിത്രം. പതിനാറാമദ്ധ്യായം

വിമർശനം

സാഹിത്യ മഞ്ജൂഷിക: വടക്കംകൂറിൻ്റെ നിരൂപണ പ്രബന്ധങ്ങളുടെ സമാഹാരമാണ് സാഹിത്യമഞ്ജൂഷിക മൂന്നു ഭാഗങ്ങൾ. ഒന്നാംഭാഗത്തിൽ സംസ്കൃതചമ്പുക്കളും, ഭാഷാചമ്പുക്കളും, ഭാഷാപദ്യ സാഹിത്യം, മഹാകവി രാമപാണിവാദൻ, ഭാഷാവിഷയം എന്നിങ്ങനെ സുദീർഘങ്ങളായ നാലു പ്രബന്ധങ്ങളും; രണ്ടാംഭാഗത്തിൽ, ഭാഷാ ഭാരതചമ്പു, ഗിരിജാകല്യാണം, രസവിചാരം, പദവിചാരം, നാടകാന്തം കവിത്വം, മണിപ്രവാളസാഹിത്യം എന്നുതുടങ്ങിയ 15 വിഷയങ്ങ ളും; മുന്നിൽ ചെല്ലൂർനാഥോദയം, മഹാഭാരതവും ഭഗവദ്ഗീതയും, മഹാഭാരതം മൂലവും, ഭാരതം കിളിപ്പാട്ടും എന്നുതുടങ്ങി ആറു പ്രബന്ധങ്ങളും അടങ്ങിയിരിക്കുന്നു. ഓരോന്നും വായിച്ചു പഠിക്കുവാനും ചിന്തിക്കുവാനും ധാരാളം വക നല്കുവയാണു്. ഒന്നാം ഭാഗത്തിൽ ഭാഷാവിഷയകമായി ചെയ്തിട്ടുള്ള വിചാരങ്ങൾ –നാനാർത്ഥ‌ങ്ങളുടെ ഏകാർത്ഥത ഭാഷീകൃതസംസ്കൃതപദങ്ങൾ, വ്യുൽപത്തിവിചാരം, ഭാഷാസംസ്കരണം എന്നിവ – ഉത്തമമായ ഒരു നിഘണ്ടു നിമ്മാണത്തിനു പുറപ്പെടുന്നവർക്കു സർവ്വഥാ മാർ​ഗ്ഗദർശനം നല്കുവാൻ മതിയായവയാണു്.

മഹാഭാരത പ്രവേശിക, മഹാകവി രാമപാണിവാദൻ തുടങ്ങിയ കൃതികളും നമ്മുടെ നിരൂപണശാഖയ്ക്കു വിലപ്പെട്ട നേട്ടങ്ങൾതന്നെ.