ഗദ്യസാഹിത്യചരിത്രം. പതിനാറാമദ്ധ്യായം

വിമർശനം

വാല്മീകിയുടെ ലോകത്തിൽ: വാല്മീകിയുടെ കാവ്യമാധുരി സാധാരണക്കാർക്കു മനസ്സിലാകത്തക്കവിധത്തിൽ രാമായണത്തിലെ ചില പ്രത്യേക ഭാഗങ്ങൾ എടുത്തു പാകപ്പെടുത്തിക്കൊടുക്കുകയാണ് ഐ.സി. ചാക്കോ ‘വാല്മീകിയുടെ ലോകത്തിൽ’ ചെയ്തിട്ടുള്ളത്. ആറു പ്രബന്ധങ്ങളുടെ സമാഹാരമാണ് പ്രസ്തുത കൃതി. വാല്മീകിയുടെ ഭാവനാലോകത്തിൽ സഹൃദയന്മാരെ കൂട്ടിക്കൊണ്ടുപോയി ആ വിശ്വോത്തരകവിയുടെ വർണ്ണനാമാധുരി ആസ്വദിപ്പിക്കുവാൻ ഇതിലെ ഓരോ പ്രബന്ധത്തിനും തികച്ചും ശക്തിയുണ്ട്. ‘ഹനുമാൻ്റെ ചാട്ടം’ എന്ന പ്രബന്ധം കൂടുതൽ ചേതോഹരമായി തോന്നുന്നു.

വടക്കുംകൂറിൻ്റെ വിമർശനഗ്രന്ഥങ്ങൾ

വാല്മീകി: ഏകാഗ്രതയും ക്ഷമയും കൈക്കൊണ്ടതിയത്നമാചരിക്കുന്ന പണ്ഡിതന്മാരിൽ അഗ്രഗണ്യനാണു് വടക്കുംകൂർ രാജരാജവർമ്മ. അദ്ദേഹത്തിൻ്റെ ചിന്താസന്താനങ്ങളായി നമ്മുടെ സാഹിത്യഭണ്ഡാഗാരത്തിൽ പല നിക്ഷേപങ്ങളും ഉണ്ടായിക്കഴിഞ്ഞിട്ടുണ്ട്. രാമകഥാകാവ്യകാരനായ വാല്മീകിയുടെ ചരിതത്തെ പ്രതിപാദിക്കുന്ന ഒരുത്തമ വിമർശ നഗ്രന്ഥമാണു് ‘വാല്മീകി.’ ആധുനിക ചരിത്രദൃഷ്ടിക്കു് എത്തിപെടാത്ത ഒരു കാലത്തു ജീവിച്ചിരുന്ന ആ മഹാകവിയുടെ ചരിതം ഏതു ഗവേഷക മൂർദ്ധന്യനും പുർണ്ണതയിൽ വരുത്തുവാൻ പ്രയാസംതന്നെ. വടക്കുംകൂറിൻ്റെ വാല്മീകിയിൽ അങ്ങനെ ഒരു കുറവു സംഭവിച്ചിട്ടുണ്ടെങ്കിൽ അത്ഭുതപ്പെടുവാനൊന്നുമില്ല. അങ്ങനെ സംഭവിക്കാതിരുന്നെങ്കിൽ മാത്രമേ അത്ഭുതപ്പെടുവാനുള്ളു. എങ്കിലും ചിന്താകുശലനും പ്രതിഭാവിലാസചതുരനുമായ ഗ്രന്ഥകാരൻ വാല്മീകിയെസ്സംബന്ധിച്ചു പുരാണങ്ങളിൽനിന്നു്, വിശേഷിച്ചു രാമായണത്തിൽനിന്നു്, കിട്ടാവുന്ന പല വിവരങ്ങളും തേടിപ്പിടിച്ച് അവയെ യഥോചിതം കൂട്ടിയിണക്കി ആദികവിയുടെ ചരിത്രം രേഖപ്പെടുത്തുവാൻ വിദഗ്ദ്ധമായി യത്നിച്ചിട്ടുണ്ട്. ജീവചരിതാംശത്തേക്കാൾ ഈ ഗ്രന്ഥത്തിൽ കൂടുതൽ അഭിനന്ദനാർഹമായിത്തോന്നുന്നതു് ഇതിലെ കാവ്യനിരൂപണഭാഗമാണു്. ആദികാവ്യവും വിശ്വമഹാകാവ്യവുമായ രാമായണത്തിൻ്റെ മാഹാത്മ്യം കഴിയുന്നത്ര സമഗ്രമായും സമർത്ഥമായും ഇതിൽ നിരൂപണം ചെയ്തിരിക്കുന്നു. പതിനൊന്നദ്ധ്യായങ്ങളുള്ള പ്രസ്തുത ഗ്രന്ഥത്തിൽ, രാമായണത്തെസ്സംബന്ധിച്ചു ചില പണ്ഡിതന്മാർ പുറപ്പെടുവിച്ചിട്ടുള്ള നവീനാഭിപ്രായങ്ങളെ വിമർശിക്കുന്ന മൂന്നാമദ്ധ്യായം, ഗ്രന്ഥകാരൻ്റെ പ്രത്യാഖ്യാനവിദഗ്ദ്ധതയെ സവിശേഷം വിളംബരംചെയ്യുന്ന ഒന്നുതന്നെ.