വിമർശനം
വിചാരവിപ്ലവം: മതം, സമുദായം, രാഷ്ട്രം എന്നീ രംഗങ്ങളിൽ നിലകൊള്ളുന്ന പലതരം അനീതികളേയും അന്ധവിശ്വാസങ്ങളേയും മറനീക്കിക്കാണിക്കുന്ന ഏതാനും വിമർശനോപന്യാസങ്ങളാണു് വിചാരവിപ്ലവത്തിലുള്ളത്. കുറ്റിപ്പുഴയുടെ അഭിപ്രായങ്ങളോട് എതിർപ്പു പ്രകടിപ്പിക്കുന്ന ഒരു വിഭാഗം ജനങ്ങൾ ഇവിടെ ഉണ്ടെന്നുള്ളതും ഈയവസരത്തിൽ വിസ്മരിക്കുന്നില്ല.
വിമർശരശ്മി, വിചാരവിപ്ലവംപോലെതന്നെയുള്ള മറ്റൊരു കൃതിയാണു്. സ്വതന്ത്രചിന്തകനായ കുറ്റിപ്പുഴയുടെ അഭിപ്രായങ്ങളാട് ഇവിടെയും പ്രതിഷേധസ്വരമുയർത്തുന്ന ചിലരുണ്ട്. ഗാന്ധിമതം,രാമ രാജ്യം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള യക്തിയുക്തമായ ഉൽപാദനമാണു് വിമർശരശ്മിയിൽ ഉള്ളത്.
സാഹിത്യനികഷം: സഞ്ജയൻ എന്ന പേരിൽ സുപ്രസിദ്ധനായ എം. ആർ. നായർ ‘സാഹിത്യദാസൻ’ എന്ന പേരിൽ പലപ്പോഴായി കേരളപത്രിക, മാതൃഭൂമി തുടങ്ങിയവയിൽ പ്രസിദ്ധപ്പെടുത്തിയിരുന്ന സാഹിത്യനിരൂപണങ്ങളുടെ സമാഹാരമാണ് സാഹിത്യനികഷം ഒന്നും രണ്ടും പുസ്തകങ്ങൾ. ഇവയിലെ നിരൂപണങ്ങൾ വെറും പാണ്ഡിത്യത്തിൻ്റേയോ പക്ഷപാതിത്വത്തിൻ്റേയോ വൈതാളികത്വത്തിൻ്റേയോ പ്രതിധ്വനികളല്ല. കാവ്യരസാസ്വാദനാവസരത്തിൽ സംസ്കാരസമ്പന്നനായ ഒരു സഹൃദയൻ്റെ ഹൃദയത്തിൽ അങ്കുരിച്ച വികാരങ്ങളുടേയും വിചാരങ്ങളുടേയും സംശുദ്ധമായ ആവിഷ്ക്കരണമാണു് ഇവയിലെ ഓരോ പ്രബന്ധവും. സഹൃദയൻ്റെ ഹൃദയമാകുന്ന ചാണയിൽ സാഹിത്യകൃതികളെ ഉരച്ചുനോക്കി അവയുടെ മാറ്ററിഞ്ഞു രസിക്കയാണു് പ്രസ്തുത നിരൂപണങ്ങളിൽ ഗ്രന്ഥകാരൻ ചെയ്തിട്ടുള്ളതെന്നു പറയാം. ഇന്നത്തെ നിരൂപകലോകം അനുകരിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ പലതും ഈ ചിന്താകുശലൻ്റെ തൂലികത്തുമ്പിൽക്കൂടി പുറത്തുവന്നു നിരന്നുനില്ക്കുന്ന കാഴ്ച ഓരോ പ്രബന്ധത്തിലും നമുക്കു കാണാം. ഒന്നാം പുസ്തകത്തിൽ, കവിയുടെ കണ്ണ്, മഹാകവികളും നിരൂപകദൃഷ്ടിയും എന്നു തുടങ്ങിയ 20 പ്രബന്ധങ്ങളും, രണ്ടാം പുസ്തകത്തിൽ, സാഹിത്യത്തിൻ്റെ പുഞ്ചിരി, സാഹിത്യവും ജീവിതവും എന്നു തുടങ്ങി 19 പ്രബന്ധങ്ങളും സമാഹരിച്ചിരിക്കുന്നു. നമ്മുടെ നിരൂപണ സാഹിത്യഭണ്ഡാഗാരത്തിലെ വജ്രമണികളാണിവയിലെ പ്രബന്ധങ്ങൾ എന്നുതന്നെ പറയാം.* ( 1903 ജൂൺ 13-ാം തിയതി തലശ്ശേരിയിൽ തെയ്യോത്ത് തറവാട്ടിൽ ജനിച്ചു. മാണിക്കോത്തു പാറുവമ്മ മാതാവും, മാടാവിൽ ചെറിയ കുന്നിമ്മൽ വൈദ്യൻ പിതാവുമായിരുന്നു. മാണിക്കോത്തു രാമുണ്ണിനായരാണു് പിൽക്കാലത്ത് എം. ആർ. നായരായിത്തീർന്നത്. അദ്ദേഹം പത്രപ്രവത്തകനായിത്തീർന്നപ്പോൾ പല തൂലികാനാമങ്ങൾ സ്വീകരിച്ചു. അവയിൽ ഏറ്റവും പ്രസിദ്ധമായ ഒന്നാണ് പാറപ്പുറത്തു സഞ്ജയൻ എന്നതു്. ക്ലേശഭൂയിഷ്ഠമായിരുന്നു സഞ്ജയൻ്റെ ജീവിതം എന്നു പറയാം. 1942 സെപ്തംബർ 13-ാംതീയതി ആ മഹാപുരുഷൻ ജീവിതരംഗത്തുനിന്നും വിടവാങ്ങി.)
