വിമർശനം
ബാലകൃഷ്ണപിള്ളയുടെ നിരൂപണങ്ങളിൽ അധികപങ്കും ചില സാഹിത്യകാരന്മാരുടെ കൃതികൾക്ക് എഴുതിയിട്ടുള്ള അവതാരികാരൂപത്തിലാണു് പുറത്തുവന്നിട്ടുള്ളതു്. അവയിൽ ജി. ശങ്കരക്കുറുപ്പിൻ്റെ നിമിഷം, കെടാമംഗലം പപ്പുക്കുട്ടിയുടെ കടത്തുവഞ്ചി, ചങ്ങമ്പുഴയുടെ സ്പന്ദിക്കുന്ന അസ്ഥിമാടം, ബോധേശ്വരൻ്റെ സ്വതന്ത്രകേരളം, സീതാരാമൻ്റെ ഹാസ്യലഹരി, കെ. എ. ദാമോദരമേനോൻ്റെ നർമ്മകഥകൾ, എം. സി. ജോസഫിൻ്റെ പുരോഗതി, പോഞ്ഞിക്കര റാഫിയുടെ ഭാവി എന്നീ കൃതികൾക്കു് എഴുതിയിട്ടുള്ള അവതാരികകൾ ഇവിടെ പ്രസ്താവയോഗ്യങ്ങളാകുന്നു.
“മലയാളത്തിൽ നിലവിലുള്ളതും ഉണ്ടാകേണ്ടതുമായ പ്രസ്ഥാനങ്ങളെ, നിലവിലുള്ള പാശ്ചാത്യ സാഹിത്യങ്ങളുമായി താരതമ്യപ്പെടുത്തി വിലയിരുത്താനും നിലവരുത്താനു”മാണ് മേല്പറഞ്ഞ അവതാരികകൾവഴി ബാലകൃഷ്ണപിള്ള കൂടുതൽ യത്നിച്ചിട്ടുള്ളത്. പാശ്ചാത്യ സാഹിത്യത്തിലെ പല പ്രസ്ഥാനവിശേഷങ്ങളെ മലയാളത്തിൽ വിവരിക്കുന്നതിനുള്ള ഒരു സന്ദർഭമായും സുദീർഘങ്ങളായ ഈ അവതാരികകൾ ഉപയോഗിച്ചിട്ടുണ്ടു്. അതുകൊണ്ടുള്ള പ്രയോജനം നമ്മുടെ സാഹിത്യത്തിനു് അധികമുണ്ടായിട്ടുണ്ടോ എന്നിവിടെ ചർച്ചചെയ്യേണ്ടതില്ല. ബാലകൃഷ്ണപിള്ളയുടെ നിരൂപണരീതിയെപ്പറ്റി ‘കൈരളിയുടെ കഥ’ യിൽ പറയുന്ന ഒരു ഭാഗം ശ്രദ്ധേയമാണ്. ”വസ്തുനിഷ്ഠവും വിശകലനാത്മകവുമാണ് ആ വിമർശം. കൃതിയുടെ ചൈതന്യവുമായി സാത്മ്യം പ്രാപിക്കുന്ന ഒരു വിമർശകൻ്റെ ഹൃദയത്തുടിപ്പുകൾ ബാലകൃഷ്ണപിള്ളയ്ക്കുണ്ടായിട്ടുള്ളതായി നമുക്കു തോന്നുകയേയില്ല, നിർവ്വികാരനായി വസ്തു പ്രപഞ്ചം നിരീക്ഷിക്കുന്ന ഒരു ശാസ്ത്രജ്ഞൻ്റെ അവസ്ഥയാണു് അദ്ദേഹത്തിൻ്റെ നിരൂപണങ്ങൾ വ്യഞ്ജിപ്പിക്കുന്നതു്.” എന്നാൽ പൂർവ്വോക്തമായവിധത്തിൽ പാശ്ചാത്യ സാഹിത്യ ശാസ്ത്ര സിദ്ധാന്തങ്ങളനുസരിച്ചു ഓരോ പ്രസ്ഥാനവിഭാഗത്തിലും സാമ്യം വഹിക്കുന്ന സാഹിത്യകാരന്മാരെ കണ്ടുപിടിക്കുന്നതിൽ പക്ഷപാതമോ കക്ഷിഭേദമോ അദ്ദേഹം പ്രദർശിപ്പിച്ചിട്ടില്ലെന്നുള്ളതു് ഈ വിമർശനങ്ങളുടെ ഒരു പ്രത്യേകതയാണു്. മലയാളത്തിൽ പക്ഷപാതരഹിതമായ ഇത്തരം നിരൂപണങ്ങൾ സുദുർല്ലഭമായേ കാണുകയുള്ളൂ. പക്ഷേ, ഒരു വൈകല്യം, നിരൂപകൻ്റെ പാണ്ഡിത്യം വായനക്കാരെ ശ്വാസംമുട്ടിച്ചുകളയുന്നു എന്നുള്ളതാണു്.
