വിമർശനം
അന്തരീക്ഷം: മാറ്റൊലിയിലെ നിരൂപണരീതിപോലെതന്നെയാണു് അന്തരീക്ഷത്തിലെ നിരൂപണരീതിയും. ഇതിവൃത്തം തുടങ്ങിയ കാര്യങ്ങളിൽ സാദൃശ്യമുള്ള കൃതികളെ നിരത്തിവെച്ചു താരതമ്യപ്പെടുത്തി മൂല്യനിർണ്ണയം ചെയ്യുന്ന ഒരു സമ്പ്രദായം മലയാളത്തിൽ മുണ്ടശ്ശേരിയാണു് ആദ്യം ആരംഭിച്ചതു്. അതിൽ അദ്ദേഹം നിരുപമമായ പ്രാഗത്ഭ്യം പ്രകടിപ്പിക്കയും അതുല്യവിജയം കൈവരിക്കയും ചെയ്തിട്ടുമുണ്ട്. അന്തരീക്ഷത്തിൽ, ചിന്താവിഷ്ടയായ സീത, അച്ഛനും മകളും, കർണ്ണഭൂഷണം എന്നീ കാവ്യങ്ങളെ അണിനിരത്തി നിരൂപണം ചെയ്തിരിക്കുന്നു. മാറ്റൊലിപോലെതന്നെ ഇതും സാഹിത്യാന്തരീക്ഷത്തിൽ വളരെ ഒച്ചപ്പാടുകൾക്കു വഴിതെളിച്ച ഒരു കൃതിയാണു്. ഉള്ളൂരിനെ കാവ്യശ്രേണിയുടെ ഏറ്റവും അടിത്തട്ടിലിറക്കിയിട്ടുവെന്നും, വള്ളത്തോളിനെ വളരെത്താഴെ ഇറക്കിനിറുത്തിയെന്നും, ആശാനെ കാവ്യസോപാനത്തിൻ്റെ ഏറ്റവും ഉന്നതപടിയിൽ കയറ്റിയിരുത്തിയെന്നും മറ്റുമുള്ള അനാരോഗ്യകരങ്ങളായ ചില ചിന്താഗതികളാണ് അക്കാലത്തു പുറപ്പെട്ടുകൊണ്ടിരുന്നതു്. വസ്തുതകൾ എന്തൊക്കെയായാലും ഒരു കാര്യം നാം സമ്മതിച്ചേ മതിയാവൂ. സഹൃദയസമ്മതങ്ങളായ കാവ്യതത്ത്വങ്ങളോടു കൂട്ടിയിണക്കി സ്വാഭിപ്രായങ്ങളെ നിശ്ശങ്കം പ്രകടിപ്പിക്കാൻ മുതിർന്ന മുണ്ടശ്ശേരി മലയാളത്തിലെ വിമർശന പ്രസ്ഥാനത്തിൽ നൂതനവും വിശാലവുമായ ഒരു വാതായനം തുറന്നിട്ടു എന്നുള്ളതാണതു്.
മാനദണ്ഡം: അന്തരീക്ഷത്തെത്തുടർന്നു നമ്മുടെ ശ്രദ്ധയിൽപെടുന്നതു മാനദണ്ഡമാണു്. അതിലെ മേഘസന്ദേശചർച്ച മുണ്ടശ്ശേരിയുടെ പാണ്ഡിത്യപ്രകർഷത്തേയും അനുഭാവാവിഷ്ക്കരണ പ്രഗത്ഭതയേയും ഒന്നുപോലെ പ്രകാശിപ്പിക്കുന്നു.
രൂപഭദ്രത, പ്രയാണം, കാലത്തിൻ്റെ കണ്ണാടി, മനുഷ്യകഥാനുഗായികൾ, വായനശാലയിൽ, പുതിയ കാഴ്ചപ്പാടിൽ രാജരാജൻ്റെ മാറ്റൊലി എന്നീ നിരൂപണ ഗ്രന്ഥങ്ങളെപ്പറ്റി സ്പർശിക്കുവാൻപോലും ലേഖനദൈർഘ്യത്തെ ഭയന്നു മുതിരുന്നില്ല. എന്നാൽ ‘നാടകാന്തം കവിത്വം’ എന്ന കൃതിയെപ്പറ്റി എന്തെങ്കിലും കുറിക്കാതെ പോകുവാൻ മനസ്സനുവദിക്കുന്നുമില്ല. കലാകാരന്മാർ കൈക്കൊള്ളേണ്ട ചില പരമതത്ത്വങ്ങളെ പാശ്ചാത്യരുടേയും പൗരസ്ത്യരുടേയും പ്രാമാണികാഭിപ്രായങ്ങളുടെ വെളിച്ചത്തിൽ പരിശോധിക്കയും, സ്വന്തമായ ചില നിഗമനങ്ങളിൽ എത്തിച്ചേരുകയും, അവയെ മുൻനിറുത്തി ആധുനിക മലയാളകവികളിൽ ശ്രദ്ധേയരായ ചില കവികളുടെ കൃതികളെ കുറഞ്ഞൊന്നു പരിശോധിക്കയുമാണു് പ്രസ്തുത കൃതിയിൽ ചെയ്തിട്ടുള്ളതു്. എന്നാൽ മലയാളകവികളെപ്പറ്റി പ്രസ്താവിക്കുന്നിടത്തു ശങ്കരക്കുറുപ്പിനെ കൂടുതൽ ആക്രമിക്കുന്നുണ്ടോ എന്നൊരു തോന്നൽ പുസ്തകം വായിക്കുന്നവർക്കുണ്ടാകാം. നിരൂപണത്തിൻ്റെ മൂന്നാംഖണ്ഡത്തിൽ തത്ത്വജ്ഞാനത്തെപ്പറ്റി പ്രതിപാദിക്കുന്നിടത്തു്, കേവലതത്ത്വങ്ങൾ ഫോർമലിസ്റ്റുകളുടെ കൈയിൽ എങ്ങനെയെല്ലാം അപകടകരമായിത്തീരുന്നു എന്നു വിവരിക്കാൻ നിരൂപകൻ ശ്രമിച്ചിട്ടുണ്ടു്. ആ ശ്രമത്തിൽ, “ക്വാണ്ടം തീയറി… റോക്കറ്ററി – പൊതുവേ ബുദ്ധിജീവികൾക്കുപോലും പൊതിക്കാത്തേങ്ങകളായിരിക്കുന്ന നവീന വിജ്ഞാനത്തിലെ ഇമ്മാതിരി സിദ്ധാന്തങ്ങൾ തൻ്റെ കവിതകളിൽ കാതലായുണ്ടെന്നവകാശപ്പെടുന്ന കവിയേയും, ആ അവകശവാദത്തെ വാനോളം വാഴ്ത്തുന്ന വിമർശകരേയും – മുണ്ടശ്ശേരി കുറഞ്ഞൊന്നു നിരൂപണം ചെയ്തിട്ടുമുണ്ട്. ആ ഭാഗവും കുറെയേറെ നിർദ്ദയമോ കഠിനമോ ആയിപ്പോയെന്നു ഹൃദയാലുക്കൾക്കു തോന്നാവുന്നതാണു്.
