ഗദ്യസാഹിത്യചരിത്രം. പതിനാറാമദ്ധ്യായം

വിമർശനം

മുണ്ടശ്ശേരിക്കുമുമ്പു് പാശ്ചാത്യ പൗരസ്ത്യ സിദ്ധാന്തങ്ങളെ കൂട്ടിയിണക്കിയുള്ള ഏതെങ്കിലും നിരൂപണസമ്പ്രദായം ഇവിടെ ഉണ്ടാകാതിരുന്നിട്ടില്ല. സാഹിത്യപഞ്ചാനനൻ പി. കെ. നാരായണ പിള്ളയുടെ കൃഷ്ണഗാഥ, കിളിപ്പാട്ട്, തുള്ളൽ എന്നീ പ്രാചീനകൃതികളെസ്സംബന്ധിച്ചുള്ള നിരൂപണങ്ങൾ അങ്ങനെയുള്ളവയാണു്. പശ്ചാത്യപൗരസ്ത്യ കലാസിദ്ധാന്തങ്ങളുടെ വെളിച്ചത്തിൽ മേല്പറഞ്ഞ കൃതികൾക്ക് വിലയിരുത്താൻ അദ്ദേഹം ശ്രമിച്ചിട്ടുണ്ടു്. മലയാളത്തിലെ സാഹിത്യ നിരൂപണത്തിൽ അന്ന് അതൊരു പുതുമതന്നെയായിരുന്നു. നിരൂപണ വിഷയങ്ങളാകട്ടെ, പറയത്തക്ക ഭിന്നാഭിപ്രായങ്ങളോ എതിർപ്പുകളോഉണ്ടാകാൻ വഴിയില്ലാത്തവയും. എന്നാൽ മുണ്ടശ്ശേരി കൈക്കൊണ്ട വിഷയങ്ങളും, നിരൂപണ സമ്പ്രദായംതന്നെയും അവയിൽനിന്നു് അതീവ ഭിന്നങ്ങളായിരുന്നു. തൻ്റെ അനുഭൂതി വിശേഷങ്ങളെ ആവിഷ്ക്കരിക്കുന്നതിനല്ലാതെ മറ്റുള്ളവരുടെ ഇഷ്ടാനിഷ്ടങ്ങൾക്കോ വികാരങ്ങൾക്കോ അടിമപ്പെടാൻ അദ്ദേഹം തയ്യാറായിരുന്നില്ല. ഈ സ്വതന്ത്ര സ്വഭാവം സർവ്വ പ്രകാരേണയും എതിർപ്പുകളെ മാടിവിളിക്കുന്നവയുമായിരുന്നു.

മാറ്റൊലി: മാറ്റൊലിയാണു് മുണ്ടശ്ശേരിയുടെ ആദ്യത്തെ നിരൂപണ സമാഹാരം. ഏറ്റവും ഒച്ചപ്പാടുണ്ടാക്കിയ കൃതിയും അതുതന്നെ. മഹാകവികളായ ആശാൻ, വള്ളത്തോൾ, ഉള്ളൂർ എന്നിവരുടെ കരുണ, മഗ്ദലനമറിയം, പിംഗള എന്നീ കൃതികളെയാണു് മാറ്റൊലിയിൽ നിരൂപണം ചെയ്യുന്നതു്. മൂന്നു വേശ്യമാരുടെ മനഃപരിവർത്തനമാണു് അതിലെ പ്രമേയങ്ങൾ. ‘മിക്കവാറും ഒരേ തത്ത്വത്തിൻ്റെ മാറ്റൊലികളാണു് കരുണയും മഗ്ദലനയും പിംഗളയും.’ അതിനാൽ അവ മൂന്നിനേയും ഒരേ പന്തിയിൽ നിരത്തിവെച്ചു നിരൂപണം ചെയ്യാൻ പുറപ്പെട്ടത് ഏതുകൊണ്ടും ഉചിതവും അഭിനന്ദനീയവുമാണു്.