വിമർശനം
തുഞ്ചത്തെഴുത്തച്ഛൻ : തുഞ്ചത്താചാര്യരുടെ ജനനം, വിദ്യാഭ്യാസം, ഗ്രന്ഥനിർമ്മാണം, കിളിപ്പാട്ട്, തർജ്ജമ, കവിതാസമ്പ്രദായം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി കെ. എസ്. എഴുത്തച്ഛൻ നിർമ്മിച്ചിട്ടുള്ള നല്ലൊരു നിരൂപണഗ്രന്ഥമാണിതു്. എഴുത്തച്ഛൻ്റെ സാഹിത്യത്തെപ്പറ്റി പ്രതിപാദിക്കുന്ന ഒടുവിലത്തെ ഭാഗം കൂടുതൽ നന്നായിട്ടുണ്ടെന്നു പ്രത്യേകം പറയേണ്ടതുണ്ടു്. ഗ്രന്ഥകാരൻ്റെ പ്രതിപാദനശൈലി ആദ്യന്തം ആകർഷകമത്രെ.
മുണ്ടശ്ശേരിയുടെ നിരൂപണങ്ങൾ: പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി സാഹിത്യശാഖിയുടെ പല ശാഖകളിലും തൻ്റെ കരവിരുതു പ്രകാശിപ്പിച്ചിട്ടുണ്ട്. എന്നാൽ മുണ്ടശ്ശേരിയെ, മുണ്ടശ്ശേരി എന്ന നിലയിൽ സാഹിത്യലോകം കാണുന്നതും വിലയിരുത്തുന്നതും നിരൂപണ മേഖലയിലാണു്. മുണ്ടശ്ശേരി എന്നു കേൾക്കുന്ന നിമിഷത്തിൽത്തന്നെ സഹൃദയലോകം മലയാളത്തിലെ തലയെടുപ്പുള്ള ഒരു പ്രൗഢ സാഹിത്യ നിരൂപകനെ മുന്നിൽ കാണുകയായി.
കരുണയാണു് അദ്ദേഹത്തിൻ്റെ ആദ്യത്തെ നിരൂപണമെന്നു തോന്നുന്നു. കുമാരനാശാൻ്റെ ഒടുവിലത്തെ കൃതിയിൽനിന്നരാഭിച്ച ആ നിരൂപണം ക്രമേണ ആശാൻ്റെ ഇതരകൃതികളുടേയും ഉള്ളിലേക്കു കടന്നുചെല്ലുകയായി. അങ്ങനെ ലബ്ധപ്രതിഷ്ഠനായ ഒരു മഹാകവിയുടെ പ്രധാനകൃതികളുടെ സമഗ്രവും നിരൂപണപരവുമായ ഒരു പഠനം മലയാളത്തിൽ ഉടലെടുത്തു. അതോടെ ആശാൻ്റെ കൃതികളുടെ മാറ്റും നിറവും മലയാളത്തിൽ ഉടനീളം മാറ്റൊലിക്കൊള്ളുകയായി. കുമാരനാശാൻ ‘കല കലയ്ക്കുവേണ്ടി’ എന്ന ആദർശത്തെ താലോലിച്ചിരുന്ന അന്നത്തെ കവികളുടെ സഞ്ചാരപഥത്തിൽനിന്നു ബഹുദൂരം അകന്ന് ചിന്തിക്കുവാനും പഠിക്കുവാനും വിമർശിക്കുവാനും ഉതകുന്ന ഒരു പുതിയ കവിതാപദ്ധതി വെട്ടിത്തുറന്നുവെങ്കിൽ, മുണ്ടശ്ശേരിയും പദവാക്യഛന്ദോലങ്കാരദർശനരൂപമായ അന്നത്തെ നിരൂപണപാരമ്പര്യത്തെ തട്ടിത്തകർത്ത് വിചാരവിപ്ലവം സൃഷ്ടിക്കുന്ന ഒരു അഭിനവ വിമർശനപദ്ധതി ഇവിടെ തുറന്നിടുകയും അതു വിശാലമാക്കിത്തീർക്കുകയും ചെയ്തുവെന്നുള്ളതു് നിസ്സംശയമാണ്.
