ഗദ്യസാഹിത്യചരിത്രം. പതിനാറാമദ്ധ്യായം

വിമർശനം

നളീനീനിരൂപണം: ആശാൻ്റെ ഉത്തമകൃതിയായ നളിനിയെ ഒരു ഉത്തമ സഹൃദയൻ്റെ നിലയിൽ നിന്നുകൊണ്ടു് ജി.രാമൻമേനോൻ എം. എ. നിരൂപണം ചെയ്തിട്ടുള്ളതാണു് പ്രസ്തുത കൃതി. ‘ദക്ഷിണദീപം’ എന്ന മാസികയുടെ 1087 മകരം മുതലുള്ള ഏതാനും ലക്കങ്ങളിലായിട്ടാണു് പ്രസ്തുത നിരൂപണം ആദ്യം പുറത്തു വന്നതു്. നളിനിയെ സംബന്ധിച്ച് ആരംഭത്തിലുണ്ടായ പ്രസിദ്ധ നിരൂപണവും അതുതന്നെയാണെന്നു തോന്നുന്നു.

കെ. എസ്. എഴുത്തച്ഛൻ്റെ കൃതികൾ: നല്ലൊരു സഹൃദയനും അപക്ഷപാതിയായ ഒരു നിരൂപകനുമായിരുന്നു കെ. ശങ്കരനെഴുത്തച്ഛൻ. അദ്ദേഹത്തിൻ്റെ ഏതാനും ഉത്തമനിരൂപണങ്ങളുടെ സമാഹാരമാണു് ‘സാഹിത്യാസ്വാദനം.’ സാഹിത്യം, വിമർശനം, എഴുത്തച്ഛനും നമ്പ്യാരും, വള്ളത്തോൾ, ഇരുപത്തിനാലുവൃത്തം, കോമപ്പൻ, ശാകുന്തളത്തിൻ്റെ മൂലം, കാളിദാസൻ്റെ ചാരിത്രബോധം, കുമാരനാശാൻ്റെ കവിത എന്നിങ്ങനെ സാഹിത്യസംബന്ധമായ എട്ടു നിരൂപണോപന്യാസങ്ങളാണു് അതിലുള്ളതു്. ഭാരതത്തിലെ ശകുന്തളോപാഖ്യാനമാണല്ലോ ശാകുന്തളത്തിൻ്റെ മൂലം. കാളിദാസൻ ഭാരതകഥയിൽ നിന്നു വരുത്തിയിട്ടുള്ള വ്യതിയാനങ്ങൾക്കും പത്മപുരാണത്തിലെ പ്രസ്താവങ്ങൾക്കും തമ്മിൽ കാണുന്ന അത്യന്ത സാദൃശ്യത്തെ – ഒന്നു മറ്റൊനിൽനിന്നു സംക്രമിച്ചതോ എന്നു തോന്നത്തക്കവണ്ണമുള്ള ഐകരൂപ്യത്തെ – പ്പറ്റിയാണു്’ ‘ശാകുന്തളത്തഞിൻ്റെ മൂലം’ എന്ന പ്രബന്ധത്തിൽ വിവരിക്കുന്നതു്. ഇതിലെ എല്ലാ ഉപന്യാസങ്ങളും സാഹിത്യരസാസ്വാദനശക്തിയെ വർദ്ധിപ്പിക്കുവാൻ പോരുന്നവയാണു്. ‘വിഹഗവീക്ഷണം’ കെ. എസ്സി.ൻ്റെ മറ്റൊരു നിരൂപണ സമാഹാരമത്രെ.