ഗദ്യസാഹിത്യചരിത്രം. പതിനാറാമദ്ധ്യായം

വിമർശനം

മണ്ഡനമഞ്ജരി: കൊള്ളിമീൻ തുടങ്ങിയ ചില നോവലുകൾ. അണിയറ (ഭാസൻ്റെ ദൂതഘടോൽക്കച്ചത്തിൻ്റെ വിവർത്തനവും അന്ത്യാമന്ത്രണം എന്ന സ്വതന്ത്രരൂപകവും ചേർന്നതാണ് അണിയറ) തുടങ്ങിയ ചില നാടകങ്ങൾ, ഇങ്ങനെ പലതും ഡി. പത്മനാഭനുണ്ണി എഴുതിയിട്ടുണ്ടെങ്കിലും, ഒരു നിരൂപകൻ എന്ന നിലയിലാണു് അദ്ദേഹത്തെ സാഹിത്യകാരന്മാർ അറിയുകയും ആദരിക്കയും ചെയ്യുന്നതു്. അടുത്തകാലം വരെ ചിലർ അദ്ദേഹത്തിൻ്റെ നിരൂപണത്തെ വളരെ ഭയപ്പെട്ടുമിരുന്നു. എതിരാളിയുടെനേരെ നിശിതവും രൂക്ഷവുമായി തൂലികയെ ചലിപ്പിക്കുവാൻ അദ്ദേഹത്തിനു യാതൊരു കൂസലുമുണ്ടായിരുന്നില്ല. വള്ളത്തോളിൻ്റെ ശാകുന്തളം തർജ്ജമയെ ആസ്പദമാക്കി സി. എസ്‌. നായരുമായും, വള്ളത്തോളിൻ്റെ ഗ്രന്ഥവിഹാരത്തെ ആസ്പദമാക്കി കുട്ടിക്കഷ്ണ മാരാരുമായും നടത്തിയ തൂലികായോധനം ഈ സന്ദർഭത്തിൽ ആരും ഓർമ്മിച്ചുപോകും. പത്മനാഭനുണ്ണിയുടെ കൃതികളിൽ ഏറ്റവും പ്രസിദ്ധമായതു മണ്ഡനമഞ്ജരിയാണു്. ചാരുദത്തൻ, ജ്യോതിഷ്മതി, പ്രണയദീപം, കേസരി, ഹീര, അപ്പൻതമ്പുരാൻ്റെ ആഖ്യായികകൾ, നമ്പ്യാരുടെ കവിത, ഊരുഭംഗം എന്നീ ക്ലാസിക്കുകളുടെ മണ്ഡനപരമായ നിരൂപണങ്ങളാണു് അതിൽ ഉള്ളതു്. പ്രണയദീപത്തിൽ കുമാരനാശാൻ്റെ വീണപൂവു്, നളിനി, ലീല എന്നീ കൃതികളുടെ ആസ്വാദനമടങ്ങിയിരിക്കുന്നു. വേങ്ങയിൽ കുഞ്ഞുരാമൻനായനാരുടെ ഉപന്യാസങ്ങളുടെ സമാഹാരമാണു ‘കേസരി’ എന്ന ഗ്രന്ഥം. മറ്റുകൃതികൾ പേരുകൊണ്ടുതന്നെ സ്പഷ്ടമാണല്ലോ. ഇതിൽ നിരൂപണം ചെയ്തിട്ടുള്ള കൃതികളുടെ രസാസ്വാദനവിഷയത്തിൽ വായനക്കാർക്ക് ഈ ഗ്രന്ഥം ഒരു മാർഗ്ഗദീപമാണെന്നുള്ളതിൽ സംശയമില്ല. സാഹിത്യസരണി, സാഹിത്യരംഗം, ഇവ ഉപന്യാസങ്ങളുടെ സമാഹാരങ്ങളാണു്. നിരൂപണത്തിൻ്റെ അംശങ്ങളും ഇവയിൽ കുറവല്ല. “സാമാന്യലോകത്തെ മാനദണ്ഡമാക്കിവച്ചുകൊണ്ടുള്ള ഒരു പ്രതിപാദന രീതിയാണു പ്രസ്തുത ഗ്രന്ഥകാരൻ സ്വീകരിച്ചിട്ടുള്ളത്. തൻ്റെ അഗാധമായ പാണ്ഡിത്യംകൊണ്ടു വായനക്കാരെ വിഷമിപ്പിക്കുകയോ അവരുടെ ആസ്വാദന തൃഷ്ണയ്ക്കു ശമനം നൽകാതിരിക്കുകയോ ഈ ഗ്രന്ഥകാരൻ ചെയ്തിട്ടില്ല.” എന്നു് പി. ശങ്കരൻനമ്പ്യാരുടെ ‘മകരന്ദമഞ്ജരി’ക്കു എഴുതിയിട്ടുള്ള അവതാരികയിൽ ശ്രീ ഉണ്ണി പ്രസ്താവിച്ചിട്ടുള്ളതു് അദ്ദേഹത്തിൻ്റെ സാഹിത്യസരണി തുടങ്ങിയ സമാഹാരങ്ങളെ സംബന്ധിച്ചും പറയാവുന്നതുതന്നെയാണു് * ( ഡി. പി. ഉണ്ണി എം. ഏ – ചോല കുഴിവേലിമഠത്തിൽ പാപ്പിയമ്മയുടെയും, പരമേശ്വരനുണ്ണിയുടേയും പുത്രനായി 1061 കുംഭം 21 – നു ജനിച്ചു. വളരെക്കാലം ആലുവാ യു. സി. കോളേജിൽ പ്രഫ‌സറായിരുന്നു. 1962 ഒക്ടോബർ 17- നു തിരുവനന്തപുരത്തുവച്ച് 76-ാമത്തെ വയസ്സിൽ നിര്യാതനായി.)