വിമർശനം
വള്ളത്തോളിൻ്റെ ഗ്രന്ഥവിഹാരം: കവിതപോലെതന്നെ ഹൃദയഹാരിയാണു് വള്ളത്തോളിൻ്റെ ഗദ്യവും ഗ്രന്ഥവിഹാരം ഒരു വിമർശന ഗ്രന്ഥമായിരുന്നിട്ടും അതിൻ്റെ സാരള്യാദിഗുണങ്ങൾ അനുഭവൈകവേദ്യമായിത്തന്നെയിരിക്കുന്നു. ‘കേരളോദയം’ എന്ന പത്രത്തിൻ്റെയും, ‘ആത്മപോഷിണി’ എന്ന മാസികയുടേയും പത്രാധിപരെന്നനിലയിൽ മഹാകവി അവയിൽ എഴുതിയിരുന്ന ഏതാനും പുസ്തക നിരൂപണങ്ങളാണ് ഗ്രന്ഥവിഹാരത്തിൽ ഉള്ളതു്. നിരൂപണലേഖനങ്ങൾ സമാഹരിച്ചു പുസ്തക രൂപത്തിൽ പ്രസിദ്ധപ്പെടുത്തുന്ന സമ്പ്രദായത്തിനു മലയാളത്തിലെ ആദ്യത്തെ മാതൃക, പ്രസ്തുത കൃതി തന്നെയാണെന്നു തോന്നുന്നു. ഇതിലെ, ഒന്നാംഭാഗത്തിൽ ഉൾപ്പെട്ട എട്ടു പുസ്തകനിരൂപണങ്ങൾ കേരളോദയത്തിലും, രണ്ടാംഭാഗത്തിലുള്ള 36 നിരൂപണങ്ങൾ ആത്മപോഷിണിയിലും പ്രസിദ്ധപ്പെടുത്തിയിരുന്നവയാണു്. ഇവയിൽ, അരമനരഹസ്യം, കൃഷ്ണകാന്തൻ്റെ മരണപത്രം, കള്ളൻ്റെ കള്ളൻ, സുധാബിന്ദു എന്നീ കൃതികളുടെ നിരൂപണങ്ങൾ നാലപ്പാട്ടു നാരായണമേനവൻ്റെ വകയാണന്നുള്ളതും പ്രസ്താവ യോഗ്യമത്രെ.
സി. എസ്. നായരുടെ നിരൂപണങ്ങൾ: ഗ്രന്ഥരൂപത്തിൽ ഒന്നും പ്രസിദ്ധപ്പെടുത്തിയിട്ടില്ലെങ്കിലും വിദ്വാൻ സി. ശങ്കുണ്ണിനായർ മലയാളസാഹിത്യത്തിൽ പ്രതിഷ്ഠപ്രാപിച്ച ഒരു നിരൂപകനാണു്. ഭാഷാവിഷയകമായും മറ്റും ഒട്ടുവളരെ പ്രബന്ധങ്ങൾ ഭാഷാപോഷിണി, ആത്മപോഷിണി, സ്വരാട്, അരുണോദയം തുടങ്ങിയ അക്കാലത്തെ പത്രമാസികകളിൽ മിക്കവയിലും ചേർത്തുകൊണ്ടിരുന്നു. ഇത്രയേറെ ലേഖനങ്ങൾ ഇടവിടാതെ എഴുതുവാൻ കഴിയുന്നതെങ്ങനെയെന്ന് ഈ ലേഖകനു് അക്കാലങ്ങളിൽ പലപ്പോഴും അത്ഭുതംതോന്നിയിട്ടുണ്ട്. ഗ്രന്ഥസ്വരൂപത്തിൽ ഉടലെടുക്കുവാൻ അർഹതയുള്ളവയുമാണു അവയിൽ അധികമെണ്ണവും. (1089 മേടം 26-ാം തീയതി രോഹിണി നക്ഷത്രത്തിലായിരുന്നു നായരുടെ ജനനം. പട്ടാമ്പിയിൽനിന്നു വിദ്വാൻ പാസ്സായശേഷം ആലുവാ സെൻ്റെ് മേരീസ് ഹൈസ്കൂളിൽ മലയാളം മുൻഷിയായി ജോലി നോക്കിയിരുന്നു. അക്കാലത്താണു് ഈ ലേഖകനു അദ്ദേഹത്തെ കാണുവാനും അറിയുവാനും ഇടയായതു്. ആലുവായിലെ ഉദ്യോഗകാലത്തു കോൺഗ്രസ്സുപ്രവർത്തനങ്ങളിലുണ്ടായ ഔത്സുക്യം അദ്ദേഹത്തെ ആ ജോലിയിൽ നിന്നും വിടുർത്തിവിട്ടു. പിന്നീട്ട് അദ്ദേഹം കൊല്ലത്തെത്തി എ. കെ. പിള്ള ഒരുമിച്ചു ‘സ്വരാട്’ പത്രം നടത്തുവാൻ തുടങ്ങി. പുതിയ പുതിയ കാര്യങ്ങൾ അറിയുന്നതിനും പുതിയ പുതിയ നിരൂപണങ്ങൾ എഴുതുന്നതിനും അദ്ദേഹം സദാ ജാകരൂഗനായിരുന്നു. അക്കാലത്താണു് ആശാൻ്റെ ‘ദുരവസ്ഥ’ പുറപ്പെട്ടതു്. ഉടനെ ചൂടോടുകൂടി ഒരു ഖണ്ഡനനിരൂപണം എഴുതി പലതിലും പ്രസിദ്ധപ്പെടുത്തി. 1099-ൽ കൊല്ലത്തുനിന്നു വിട്ടശേഷം സ്വദേശമായ പട്ടാമ്പിയിൽ കുറച്ചുകാലം താമസിച്ചു. അതിനിടയിൽ മദിരാശി ലയോളാ കോളേജിൽ മലയാളം ലക്‌ചററായിത്തീർന്നു. മദിരാശിയിൽ താമസിക്കുമ്പോഴാണ് ഡോ. ചേലനാടനൊരുമിച്ചു് ‘അരുണോദയം’ മാസിക നടത്തിപ്പോന്നത്. ലയോളയിൽ നിന്നു വിട്ടു വീണ്ടും പട്ടാമ്പിയിലെത്തി സംസ്കൃത പാഠശാലയിൽ അദ്ധ്യാപകനായി പ്രവർത്തിച്ചുകൊണ്ടിരുന്നു. ആയിടയ്ക്കാണു് – 1117 മേടം 25-ാം തീയതി – ആ നിരൂപകൻ്റെ നിര്യാണവും.
