വിമർശനം
ഉള്ളൂരിൻ്റെ വിജ്ഞാനദീപിക (4 ഭാഗങ്ങൾ ): മഹാകവി ഉള്ളൂർ അപ്പോഴപ്പോഴായി വിജ്ഞേയങ്ങളായ വിവിധ വിഷയങ്ങളെപ്പറ്റി പരിഷൽത്രൈമാസികം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ എഴുതി പ്രകാശനം ചെയ്തിട്ടുള്ള ലേഖനങ്ങളുടെ സമാഹാരമാണ് വിജ്ഞാനദീപികയുടെ ഓരോ ഭാഗത്തിലുമുള്ളതു്. സാഹിത്യത്തേയും ചരിത്രത്തേയും പറ്റി ഓരോ പ്രകാരത്തിൽ വിമർശിക്കുന്നവയാണു് ഇവയിലെ മിക്ക ഉപന്യാസങ്ങളും. അഗ്നിപുരാണവും സാഹിത്യശാസ്ത്രവും, ചില കാവ്യമർമ്മങ്ങൾ, സാഹിത്യഭൂഷണം, ബാലഭാരതം, ഭാരതചമ്പു, മഹാകവി നീലകണ്ഠദീക്ഷിതർ, ഹിന്ദുക്കളും ബുദ്ധമതവും, സംസ്കൃത ഭാഷ, മലയാളത്തിൻ്റെ പഴമ, ഭാഷാപോഷണവും ഗവേഷണവും, പ്രതാപരുദ്രീയവും അലങ്കാരശാസ്ത്രവും, സുഭഗസന്ദേശം, സാമൂതിരിക്കോവിലകവും സാഹിത്യവും, ഭാഷാനൈഷധചമ്പു എന്നു തുടങ്ങിയ പേരുകൾതന്നെ വിമർശനത്തിൻ്റെ മുദ്രകൾ പതിഞ്ഞവയാണെന്നു സ്പഷ്ടമാണല്ലൊ. മൂന്നാംഭാഗത്തിൻ്റെ നെറ്റിപ്പട്ടം എന്നപോലെ ചേർത്തിട്ടുള്ള ‘മാതൃഭൂമിയുടെ തൃപ്പാദങ്ങളിൽ’ എന്ന ലേഖനം ഭാഷയിലെ ഒന്നാന്തരം ഗദ്യകവിതകളിൽ ഒന്നാണു്. ചരിത്രഗവേഷകന്മാർക്കും സാഹിത്യരസാസ്വാദകന്മാർക്കും ഒന്നുപോലെ പ്രയോജനപ്പെടുന്നവയാണു് വി ജ്ഞാനദീപികയിലെ വിഷയങ്ങൾ എല്ലാം തന്നെ “ഈ ഉപന്യാസങ്ങളിൽ പ്രതിപാദിച്ചിട്ടുള്ള വിഷയങ്ങൾ ഇതരതൂലികകളാൽ പ്രായേണ അസ്പൃഷ്ടങ്ങളാണെന്നു വായനക്കാർക്കു കാണാവുന്നതാണു്. കേരള ഭാഷയേയും സാഹിത്യത്തേയും പറ്റി ഞാൻ നിരന്തരമായി ചെയ്തുകൊണ്ടുവരുന്ന ഗവേഷണത്തിൻ്റേയും ചർച്ചയുടേയും ഫലമാണു് ഈ പുസ്തക പരമ്പര എന്നു ചുരുക്കത്തിൽ പറയാം” എന്നു വിജ്ഞാനദീപികയുടെ മൂന്നാംഭാഗത്തിൻ്റെ മുഖവുരയിൽ മഹാകവി പ്രസ്താവിച്ചിട്ടുള്ള വസ്തുത ശ്രദ്ധാർഹമാണു്.
