പദ്യസാഹിത്യചരിത്രം. മുപ്പതാമദ്ധ്യായം

വിനോദകവനപ്രസ്ഥാനം

സാഹിത്യപഞ്ചാനനൻ: സാഹിത്യപഞ്ചാനനൻ പി. കെ. നാരായണപിള്ളയെ പ്രാമാണികനായ ഒരു വിമർശകൻ എന്ന നിലയിലാണ് സഹൃദയന്മാർ ബഹുമാനിച്ചുപോരുന്നത്. ‘കൈരളിയുടെ ഈ പരമോപകർത്താവു് ഭാഷാസാഹിത്യ രംഗത്തിൽ ആദ്യമായി പ്രവേശിച്ചത് ഒരു പദ്യകൃത്തിൻ്റെ വേഷത്തിലാണെന്നും, എല്ലാക്കാലത്തും തൻ്റെ വിരളമായ വിശ്രമവേളയിലെ ഒരു ചെറിയ അംശം അദ്ദേഹം പദ്യനിർമ്മിതിക്കായി വിനിയോഗിച്ചിട്ടുണ്ടെന്നും’ അറിയുന്ന അധികം പേർ ഇന്നു കാണുകയില്ല. ‘ശ്രീമൂലമുക്താവലി’, ‘കാവ്യമേഖല’ ഇവ രണ്ടും അദ്ദേഹം പ്രസിദ്ധപ്പെടുത്തിയിട്ടുള്ള കൃതികളാണു്. കാവ്യമേഖലയിൽ ഒരു സ്വർഗ്ഗ്യസമാഗമം, വൃഷ്ടിവിംശതി, ഭേകഗാഥ, കിമപികാവ്യം, കൈലാസദർശനം, വഞ്ചിരാജ്യമഹിമ ഇങ്ങനെ ആറു കവിതകളാണു സമാഹരിച്ചിട്ടുള്ളതു്. ഭേകഗാഥയും സ്വർഗ്ഗ്യസമാഗമവും ഒന്നാന്തരം ഫലിതരസപൂർണ്ണങ്ങളാണു്. നെട്ടെല്ലില്ലാതെ ഒരുമാതിരി അയഞ്ഞമട്ടിൽ, ആശയമോ ഭാവനയോ കൂടാതെ ഭാഷാ വൃത്തങ്ങളെ കൈകാര്യം ചെയ്തിരുന്ന പുത്തൻകൂട്ടരെ കണക്കിനു കളിയാക്കുവാൻ വേണ്ടി എഴുതിയതാണു് ഭേകഗാഥ. തവളയെപ്പിടിച്ച പുളവനെ തല്ലിക്കൊല്ലാൻ ആളുകളെ ക്ഷണിക്കുന്നതാണ് അതിലെ പ്രമേയം.

അയ്യോ! വരുവിൻ, വരുവിനെല്ലാവരും
കൈയോടെ കല്ലും തടിയുമായി!

എന്നു തുടങ്ങുന്ന വർണ്ണന രസികജനങ്ങളെ പൊട്ടിച്ചിരിപ്പിക്കുകതന്നെ ചെയ്യും.