പദ്യസാഹിത്യചരിത്രം. മുപ്പതാമദ്ധ്യായം

വിനോദകവനപ്രസ്ഥാനം

ഇങ്ങനെയുള്ള നായികാഗൃഹ വർണ്ണനകളും മറ്റും ഗതാനുഗതികന്മാരായ കവികളെക്കൊണ്ടു സ്വകൃത്യത്തിൽ ഒരു സ്വയം പരിശോധന ചെയ്യിക്കുവാൻ ഒട്ടൊക്കെ പ്രേരകമായി ഭവിച്ചിട്ടുണ്ട്. അതിലെ അടയാളവാക്യം ചിരിപ്പിച്ചു ചിരിപ്പിച്ച് ആരെയും മണ്ണുകപ്പിക്കുന്ന ഒന്നുതന്നെ. ‘ദുഃസ്പർശനാടകം’ അക്കാലത്തെ നാടകങ്ങളെ പൊതുവേ അവഹേളിക്കുവാൻ എഴുതിയിട്ടുള്ള ഒരു കൃതിയാണു്. അമ്പലത്തിലെ അടിച്ചുതളിക്കാരി ദുഃസ്പർശ (കൊടുത്തൂവ)യാണു് നായിക. ആനക്കാരൻ ഭല്ലാതകൻനായർ നായകൻ, കരിങ്കുറിഞ്ഞിയും പെരുങ്കുരുമ്പയും സഖിമാർ, തുവരകൻ വയസ്യൻ. കഥാപാത്രങ്ങളുടെ പേരുകൊണ്ടുതന്നെ പരിഹാസത്തിൻ്റെ പോക്കു് ഒട്ടൊക്കെ ഊഹ്യമാണല്ലോ. രാമക്കുറുപ്പിൻ്റെ ചക്കീചങ്കരം നാടകം പോലെതന്നെ മലയാളനാടകങ്ങളുടെ കൂലംകുത്തിയുള്ള പ്രവാഹത്തിൽ ഇതും ഒരു വിലങ്ങുതടിയായിത്തീരാതിരുന്നിട്ടില്ല. മൂന്നങ്കം മാത്രമുള്ള ഒരപൂർണ്ണകൃതിയാണിതെന്നുകൂടി പറഞ്ഞുകൊള്ളട്ടെ. സൂത്രധാരൻ ചൊല്ലുന്ന ഒരു ശ്ലോകമാണിതു്:

അഞ്ചാറുപെറ്റ മുതുമുത്തികൾതന്നെ വേണം
പഞ്ചായുധക്കളി കളിച്ചു രസിച്ചിരിപ്പാൻ
തഞ്ചാരെ വാണനുഭവത്തിനു ലജ്ജയുള്ള
പഞ്ചാരവാണി ശിവനേ! വഷളാണു പോലും.

ശീവൊള്ളിയുടെ ഭക്തിഗാനങ്ങളാണു കൂടുതൽ ആകർഷകങ്ങൾ. അങ്ങനെയുള്ളവയിൽ അധികപങ്കും പാർവ്വതിയെക്കുറിച്ചുള്ളതുമാണു്. അവയിൽ ചിലതിനെപ്പറ്റി പന്ത്രണ്ടാമദ്ധ്യായത്തിൽ വിവരിച്ചിട്ടുണ്ടല്ലോ,