വിനോദകവനപ്രസ്ഥാനം
എന്നിങ്ങനെ തുടങ്ങുന്ന ഒന്നായിരുന്നു ആ ശ്ലോകമെന്നും മറ്റുചിലർ പറഞ്ഞുകേട്ടിട്ടുണ്ട്. ഏതായാലും അതിലെ മനോഹരമായ സുന്ദരപദങ്ങൾ കേട്ട നേത്യാരമ്മയുടെ തിരുമുഖം തെളിഞ്ഞുവത്രെ. ഇതുപോലെ തോലൻ്റേതെന്നു പറഞ്ഞുവരുന്ന പരിഹാസശ്ലോകങ്ങൾ ഒട്ടുവളരെയുണ്ട്.
ഉണ്ണുനീലിസന്ദേശത്തിൽ പലയിടത്തും ഹാസത്തിൻ്റെ തൂമിന്നൽ തെളിഞ്ഞുകാണാം. എന്നാൽ കുട്ടികൃഷ്ണമാരാർ പറയുന്നതുപോലെ പ്രസ്തുത കൃതി ഒരു മുഴുത്ത ചിരിയാണെന്ന അഭിപ്രായം ഈ എഴുത്തുകാരനില്ല. മണിപ്രവാള കവികളായ പുനം, മഴമംഗലം തുടങ്ങിയവരുടെ ചമ്പുകാവ്യങ്ങൾ വായിച്ചിട്ടുള്ളവർക്കു അവയിൽ പലേടത്തും നിറഞ്ഞു തുളുമ്പുന്ന മാധുര്യം പൂണ്ട പരിഹാസം അനുഭവപ്പെട്ടിരിക്കും. ചന്ദ്രോത്സവത്തിലെ പരിഹാസം, കാവ്യരസികന്മാരെ പറഞ്ഞറിയിക്കേണ്ടതുമില്ല. മേദിനീവെണ്ണിലാവ് എന്ന വാരാംഗന, കണ്ടൻകോതക്ഷമാപാലൻ്റെ നേതൃത്വത്തിൽ ചന്ദ്രോത്സവം ആരംഭിക്കുന്നതും, അതിൽ പങ്കെടുക്കുവാൻ വന്നുചേരുന്ന ഓരോ വേശ്യയേയും കവിപുംഗവൻ പുകഴ്ത്തുന്നതുമാണല്ലോ അതിലെ പ്രധാന പ്രമേയം തന്നെ. കൃഷ്ണഗാഥാകർത്താവും ഹാസത്തിനു കുറവു വരുത്തിയിട്ടില്ല.
