വിനോദകവനപ്രസ്ഥാനം
കഥ സത്യമേ സത്യം– നമ്മുടെ പുത്തൻമന്ത്രി!
കാറിൻ്റെ വാതിൽപ്പാളി തുറക്കേ, വിഷാദത്തിൻ
കാതൽപോൽ സചിവേന്ദ്രൻ പുറത്തേക്കിറങ്ങുന്നു:
പെരുതാമൊരു പുഷ്പചക്രവും പേറിക്കൊണ്ടു
പിറകേ പ്യൂണും, ഛോട്ടാ നേതാവും നടക്കുന്നു
ആളുകളടുത്തേക്കു തിക്കാതെ തിരക്കാതെ
പോലീസുകാർ ചേർന്നൊരു വലയം നിർമ്മിക്കുമ്പോൾ
മന്ത്രി മന്നവോചിതം നടന്നു മന്ദം മന്ദം
മഞ്ചത്തോടടുക്കുന്നൂ മാതൃകാദുഃഖം പോലെ!
ഒരുമാത്രയദ്ദേഹമോർത്തു നില്ക്കുന്നൂ കഷ്ടം!
പെരുതാം വിടവിനിയാരുണ്ടു നികത്തുവാൻ?
പ്യൂണിൻ്റെ കൈയിൽനിന്നു പുഷ്പചക്രം കൈക്കൊണ്ടു
വാങ്ങിയോമനിച്ചൊരാ ദേഹത്തിലർപ്പിക്കുമ്പോൾ
കാര്യമന്വേഷിച്ചുപനേതാവു ചൊൽവൂ കാതിൽ;
‘ക്യാമറക്കാരൻ കാപ്പികുടിക്കാൻ പൊയ്പോയല്ലോ’
തൻ്റെ പൂച്ചക്രം തിരിച്ചെടുത്തു മന്ത്രീന്ദ്രൻ പോയ്
രണ്ടു വാക്കെന്തോ ചൊല്ലിയിരിപ്പൂ കസേരയിൽ!
പുണ്യത്തിൻ പാരമ്യമേ, കാണാതിതൊന്നും പുറം–
കണ്ണുകളടച്ചല്ലോ വള്ളത്തോൾ കിടക്കുന്നു!
ക്യൂതുടർന്നൊഴുകുന്നു; തിരക്കിട്ടന്വേഷണം
പോകുന്നു: ഫോട്ടോഗ്രാഫറെത്തുന്നു, ഭാഗ്യം ഭാഗ്യം!
തൻ പുഷ്പചക്രം വീണ്ടും മന്ത്രി വെയ്ക്കുമ്പോൾ ദിവ്യ–
സമ്പുഷ്ടദുഃഖം സെലുലോയ്‌ഡിൽ പകർത്തുന്നു!
വിടരാതെന്നെന്നേക്കുമടഞ്ഞ ചുണ്ടിൽപ്പോലും
വിരിയുന്നുവോ താഴെച്ചൊല്ലുമ്പോലൊരു ചിരി.
നേതാവേ, ഭവാൻതന്നെ വമ്പരിൽ വമ്പൻ മാനം
പോയാലെ,ന്തനർഘമാം സ്ഥാനത്തെ രക്ഷിച്ചല്ലോ!
സഹൃദയരെ വിനോദരസത്തിൽ മജ്ജോന്മജ്ജനം ചെയ്യിക്കുവാൻ പോരുന്ന ഒരു ഉപഹാസകവിത തന്നെയാണിത്.
