പദ്യസാഹിത്യചരിത്രം. മുപ്പതാമദ്ധ്യായം

വിനോദകവനപ്രസ്ഥാനം

അതിസൂക്ഷ്മമായ പല പ്രശ്നങ്ങളും നർമ്മമധുരമായും, നാടകീയതയോടുകൂടിയും കവിതയിൽ അവതരിപ്പിക്കുവാൻ ഈ സറ്റയറിസ്റ്റിനു വിരുതേറും. അന്തഃഛിദ്രം, നെല്ല്, ആത്മഹത്യ, വ്യഭിചാരം, ശുദ്ധീകരണം, അസ്ഥികൂടത്തിൻ്റെ ചിരി, അഴിമതികാവ്യം, ഉദ്ഘാടനം, ജാഥ, പല്ല്, പാലം തുടങ്ങി ഒട്ടേറെ കവിതകൾ ചിരിക്കും ചിന്തയ്ക്കും വകനല്കുന്നവയാണ്. കവിതാരീതി കാണിക്കുവാൻ ചില ഭാഗങ്ങൾ ഇവിടെ ഉദ്ധരിക്കാം . നാടിൻ്റെ അഭിവൃദ്ധി കാണുവാൻ വീണ്ടും ഭാരതത്തിലെത്തുമ്പോൾ ഗാന്ധിജി അഭിമുഖീകരിക്കുന്ന ആധുനിക യുവാവിൻ്റെ ചിത്രം ഇതാണ്:

കടുവാപ്പടം തിങ്ങു– മുടുപ്പും, മുന്നിൽ പക്ഷി–
ക്കുടുമ പിടിപ്പിച്ച – തലയും,കൂളിംഗ് ഗ്ലാസ്സിൽ
മുക്കാലും പുതപ്പിച്ചു– മുഖവു,മതിൽച്ചുണ്ടിൽ
തൽക്കാലം പിടിപ്പിച്ച– ചാർമിനാർ സിഗറട്ടും,
ഇറുകിക്കാലിൽപ്പറ്റി– ച്ചേർന്നഴിഞ്ഞഴിഞ്ഞീലെ-
ന്നരയിൽത്തർക്കിക്കുന്ന– പാൻറുമായതിൻ താഴെ
മുന്നിലേക്കഗ്രം കൂർത്തു– വളഞ്ഞ ഷൂസും, തോളിൽ
തന്നിലെപ്പാട്ടല്പാല്പം– മൂളുന്ന ട്രാൻസിസ്റ്ററും
നല്ലപോൽ കണ്ടു ഗാന്ധി;– നവ്യഭാരതത്തിൻ്റെ
നല്ലനാളതൻ വിധാ– താവിനെക്കണ്ടു ഗാന്ധി!