വിനോദകവനപ്രസ്ഥാനം
പട്ടമന കൊച്ചുണ്ണിനമ്പൂതിരി: ഇദ്ദേഹത്തിൻ്റെ ചില കൃതികൾ ഹാസ്യാനുകരണത്തിനു് ഉത്തമ ദൃഷ്ടാന്തങ്ങളാണു്. ‘കന്യാകുമാരിയിലെ സൂര്യോദയ’ത്തിനു പകരം ‘ഗോകർണ്ണത്തിലെ ചന്ദ്രോദയം’ എന്ന പേരിൽ അദ്ദേഹം എഴുതിയിട്ടുള്ള ഹാസ്യകവിത വളരെ പ്രസിദ്ധമായ ഒന്നത്രെ. അതിലെ ചില വരികൾ നോക്കുക.
ചന്ദ്രനെക്കണ്ടിട്ടു് കവി ഉല്ലേഖിക്കുകയാണു്:
വട്ടിയോ കൊട്ടയോ ദേവവാദ്ധ്യാരുടെ
മൊട്ടക്കഷണ്ടിത്തലമണ്ടയോ,
കോഴിക്കോട്ടെമ്പ്രാന്മാർ വച്ചുപടച്ചൊരു
നാഴിപ്പടയാമുണക്കൽച്ചോറോ,
ഇന്ദ്രാണിയമ്മ്യാരമൃതളന്നീടുവാ-
നിന്നു വാങ്ങിച്ചോരിടങ്ങഴിയോ,
കൊച്ചൂട്ടിപ്പെണ്ണിൻ്റെ കാതിലെത്തോടയോ,
ചക്കപ്പഴത്തിൻ നടുമുറിയോ,
കൊച്ചിക്കോലോത്തെ തിരുമാസത്തിനന്നു
കാച്ചി വിളമ്പിയ പപ്പടമോ.
വാസ്തവത്തിൽ ഉള്ളൂരിൻ്റെ ഉല്ലേഖങ്ങളുടെ സമീപത്തു ചെല്ലുവാനുള്ള യോഗ്യത ഇവയ്ക്കില്ലെങ്കിലും, സാധാരണന്മാരെ പൊട്ടിച്ചിരിപ്പിക്കുവാൻ ഇവയ്ക്കു ധാരാളം കഴിവുണ്ടെന്നുള്ളതിനു യാതൊരു സംശയവുമില്ല. കോന്തപുരാണം, പട്ടിമാഹാത്മ്യം, താടകാഭ്യുദയം മുതലായവയാണ് മറ്റു കൃതികൾ.
