പദ്യസാഹിത്യചരിത്രം. മുപ്പതാമദ്ധ്യായം

വിനോദകവനപ്രസ്ഥാനം

പ്രൊഫസർ പി. ശങ്കരൻനമ്പിയാർ: വിമർശക ധർമ്മത്തെ വ്യതിചലിപ്പിച്ചു് – യഥാർത്ഥ വിമർശന ധർമ്മത്തെ വിസ്മരിച്ച് – പുസ്തകത്തിൻ്റെ പുറംനോക്കിയും മറ്റും അന്തസ്സാരവിഹീനമായി പുറപ്പെടുവിക്കുന്ന നിരൂപണങ്ങളെ അപഹസിച്ചുകൊണ്ടുള്ള വിശിഷ്ടമായ ഒരു വിനോദകൃതിയാണു് പ്രപുഷ്ണാചാര്യരുടെ – പ്രൊഫസ്സർ പി. ശങ്കരൻനമ്പ്യാരുടെ – ‘അഭിനവനിരൂപണാദർശം.’

വിജയം സാഹിതീലോക–വ്യാപാരത്തിൽ കിടയ്ക്കുവാൻ
വിമർശകാഖ്യദല്ലാളി–വരൻമാർതാൻ തുണയ്ക്കണം…
മുറയ്ക്കോതാം പുറം നോക്കി–മാനംനോക്കിയുമവ്വിധം
കൊത്തിപ്പെറുക്കിയും പിന്നെ–പകപോക്കിയനന്തരം
കടം പോക്കിയിടംപോക്കി–ഇടയ്ക്കിട്ടു ഞെരുക്കിയും
എടുത്തുപൊക്കി, ആൾ നോക്കി–തന്നെത്താൻ പൊക്കിയിങ്ങനെ

പത്തുവിധത്തിലാണു് ഇന്നത്തെ നിരൂപണസ്വഭാവത്തെ തരംതിരിച്ചിരിക്കുന്നത്.

നീയെൻ പൃഷ്ഠം ചൊറിഞ്ഞീടിൽ–ഞാൻ നിൻ പൃഷ്ഠം ചൊറിഞ്ഞിടാം
ഇമ്മട്ടു തമ്മിൽത്താങ്ങുമ്പോൾ–’കടംപോക്കീ’തിരീതിയാം

ഇങ്ങനെ ഓരോന്നിൻ്റെ ലക്ഷണനിർവ്വചനവും അതിൻ്റെകൂടെ ചേർത്തിട്ടുള്ള ഉദാഹരണവും ഒന്നാന്തരം ഹാസ്യവിഡംബനമായിട്ടുണ്ട്. ആധുനിക നിരൂപണസമ്പ്രദായം നിശ്ചയമുള്ളവരോടു് ഈ കൃതിയുടെ രസികതയെപ്പറ്റി മറ്റൊന്നു് പറയേണ്ടതായിട്ടില്ല.