ഗദ്യസാഹിത്യചരിത്രം. ഒൻപതാമദ്ധ്യായം

വിനോദകഥകൾ

ആർട്ടിസ്‌റ്റു രാഘവൻനായർ: ‘നർമ്മദ’ എന്ന വിനോദ മാസികയുടെ പത്രാധിപരാണു് രാഘവൻനായർ. അദ്ദേഹം അനേകം സമാഹാരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്. ഹാസസാഹിത്യത്തിൽ ഉൾപ്പെടുന്നവയാണവയെല്ലാം. ‘കിലുക്കാംപെട്ടി’യിലെ ഓരോ പ്രബന്ധവും ആർട്ടിസ്റ്റിൻ്റെ നർമ്മബോധത്തെ വിളിച്ചുപറയുന്നു. കരിനളനും ശ്രീമതി പഴത്തൊലിയും അതിലെ ഒന്നാന്തരം രസികൻ പ്രബന്ധങ്ങളാണു്. ‘ഇക്കിളി’യിലെ ആദ്യത്തെ ലേഖനം ‘ബഷീറിൻ്റെ ശിശുമോഷണ’ മാണു്. കോൺവെൻ്റെിൽ ചേർക്കാൻ ഒരു കുട്ടിയെ തേടിക്കുന്നതാണു ഇതിലെ പ്രതിപാദ്യം. കോൺവെൻറിൽ കുട്ടിയെ ചേർത്താൽ അന്വേഷണാർത്ഥം എപ്പോഴും കടന്നുചെല്ലാമെന്നുള്ളതാണു് ഉദ്ദേശം. ഇതുപോലെ മറ്റു ലേഖനങ്ങളിലും ഓരോ ലക്ഷ്യം വെളിപ്പെടുത്തി പരിഹസിക്കുകയാണു് ഗ്രന്ഥകാരൻ ചെയ്യുന്നതു്. സമുദായത്തെ നന്നാക്കണമെന്നുള്ളതാണല്ലോ എല്ലാവിധ പരിഹാസത്തിൻ്റെയും ആന്തരം. പക്ഷേ, ചിലതു് അതിനു പറ്റുമോ അഥവാ വിപരീതഫലംതന്നെ വരുത്തിവെയ്ക്കുന്നില്ലേ എന്നും സംശയമുണ്ടു്. ലാത്തിച്ചാർജ് ആർട്ടിസ്റ്റിൻ്റെ മറ്റൊരു വിനോദ കൃതിയാണു്. ഭരണാധികാരികളുടേയും പാർശ്വവർത്തികളുടേയും അനീതികളെ പരിഹാസത്തിൽ കുഴച്ചു രൂപപ്പെടുത്തിയിട്ടുള്ള പത്തു് ഏകാങ്കനാടകങ്ങളാണ് അതിലുള്ളതു്. ‘പുലിവാലു്’, ‘രോമാഞ്ചങ്ങൾ’ എന്നിവ മറ്റുരണ്ടു സമാഹാരങ്ങളാണു്.

ഡി. സി. കിഴക്കെമുറി: മർമ്മം നോക്കി ഓരോന്നു പ്രയോഗിക്കുവാൻ ഡി. സി.ക്കുള്ള വിരുതു് അസാധാരണംതന്നെ. അദ്ദേഹത്തിൻ്റെ “കറുപ്പും വെളുപ്പും’ പ്രസിദ്ധമാണല്ലോ. ‘എലിവാണം’ ചില രാഷ്ട്രീയ നേതാക്കളെ ലക്ഷ്യമാക്കി വിട്ടിട്ടുള്ള ചില അമ്പുകളുടെ ആവനാഴിയാണു്. അധികം പറയുന്നതിലല്ല, ഉള്ളതു സ്ഥാനത്തു കൊള്ളിക്കുന്നതിലാണു ഡി.സി.ക്കു പാടവം കൂടുതലുള്ളതു്. ‘മെത്രാനും കൊതുകും’ എന്ന കൃതിയിൽ ‘മൂന്നു മംഗളപത്രങ്ങൾ’ എന്നൊരു ലേഖനമുണ്ടു്. 1942-ൽ സർ സി. പി.ക്കും. 1952-ൽ കോൺഗ്രസ്സ് മുഖ്യമന്ത്രിക്കും 1962-ൽ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്കും മെത്രാന്മാർ നല്കുന്ന മംഗളപത്രങ്ങളുടെ മാതൃകകളാണതിൽ ഉൾക്കൊള്ളിച്ചിട്ടുള്ളതു്. അവസര സേവകന്മാരെ ഭംഗിയായി കളിയാക്കുന്ന നല്ലൊരു വിനോദലേഖനം. ‘കുറ്റിച്ചൂൽ’ ഡി. സി.യുടെ മറ്റൊരു സമാഹാരമാണു്.