വിനോദകഥകൾ
പി. ഒ. ഏബ്രഹാം: ‘വഴിത്തണലുകൾ’ എന്ന സമാഹാരം ഹാസസാഹിത്യത്തിനു വിലപ്പിടിച്ച ഒരു മുതൽക്കൂട്ടുതന്നെ. അശ്ലീലതയുടെ നിഴൽസ്പർശമേശാത്ത ജീവിത സാധാരണങ്ങളായ അനുഭവങ്ങളെ മിഴിവുറ്റ തന്മയത്വത്തോടും സാരസ്യത്തോടും കൂടി നമ്മുടെ കൺമുമ്പിൽ പ്രതിബിംബിപ്പിക്കുന്ന വികാരസുന്ദരങ്ങളായ ചെറുകഥകൾ, വിനോദ ഭാവനകൾ ആദിയായി പതിനെട്ടു വിശിഷ്ട സാഹിത്യ വിഭവങ്ങൾ മേല്പറഞ്ഞ കൃതിയിൽ അടങ്ങിയിരിക്കുന്നു. രണ്ടുതുള്ളി മഷി, സരസനിരീക്ഷണങ്ങൾ ഇവയാണു പി. ഒ.യുടെ മറ്റു സമാഹാരങ്ങൾ.
എം. ആർ. ബി.: നർമ്മബോധത്തോടുകൂടി എന്തും പറയുവാനും എഴുതുവാനും കഴിവുള്ള ഒരു കലാകാരനാണു് എം. ആർ. ഭട്ടതിരിപ്പാട്ട്. അദ്ദേഹത്തിൻ്റെ ഏതു ലേഖനവും ലവലേശം മുഷിച്ചിൽകൂടാതെ വായിക്കാം. സ്നാപ് ഷോട്ടുകൾ, രസക്കുടുക്കകൾ, ജീക്കും അറുപതു്, കവിസപര്യ എന്നിങ്ങനെയുള്ള 18 വിനോദ പ്രധാനങ്ങളായ ലേഖനങ്ങളുടെ സമാഹാരമാണു് അദ്ദേഹത്തിൻ്റെ കവിസപര്യ.
എം. എൻ. ഗോവിന്ദൻനായർ: ‘ഗോപീവിലാസം’ എന്നൊരു കൃതിയാണു മുഖ്യമായിട്ടുള്ളതു്. അതിൽ 27 ചെറുലേഖനങ്ങൾ അടങ്ങിയിരിക്കുന്നു. എല്ലാം വിനോദങ്ങളാണെന്നു പറഞ്ഞുകൂട. ‘ദഹിക്കാത്ത സാഹിത്യം’ നോക്കുക. കർക്കശമായ ഒരു സാഹിത്യനിരൂപണം മാത്രമാണതു്. ഇത്തരത്തിൽ വിനോദ മേഖലയിൽപ്പെടാത്ത ചിലതു വേറെയുമുണ്ടു്. മുഖവുരയിൽ അദ്ദേഹംതന്നെ പ്രസ്താവിച്ചിട്ടുള്ളതുപോലെ, വിനോദമാണെന്നുള്ള ധാരണയിൽ പലതും എഴുതി ‘ഗോപി’ എന്ന വ്യാജ നാമത്തിൽ പത്രമാസികകളിൽ പ്രസിദ്ധപ്പെടുത്തി. പിന്നീടവയിൽ കുറെ ചേർത്തു ‘ഗോപീവിലാസം’ എന്ന പേരിൽ പുസ്തകമാക്കിത്തീർത്തു എന്നുമാത്രം. എന്നുവരികിലും കുറിക്കുകൊള്ളുന്ന ഫലിതവും പരിഹാസവും നിറഞ്ഞ പല ലേഖനങ്ങളും ആ കൃതിയിലുണ്ട്. അവ വിവരമുള്ളവർക്കു വായിച്ചുരസിക്കാൻ കൊള്ളാവുന്നവയുമാണു്. ‘ട്രാൻസ്പോർട്ടു പ്രണയം’ എം. എൻ.ൻ്റെ ഫലിതമയമായ ഏതാനും ചെറുകഥകളുടെ മറ്റൊ സമാഹാരമാണു്.
