ഗദ്യസാഹിത്യചരിത്രം. ഒൻപതാമദ്ധ്യായം

വിനോദകഥകൾ

സീതാരാമൻ: മലയാളത്തിലെ ഹാസസാഹിത്യകാരന്മാരുടെ മുന്നണിയിൽ നില്ക്കുന്ന ഒരു വ്യക്തിയാണു് സീതാരാമൻ എന്ന പേരിൽ പ്രസിദ്ധനായിട്ടുള്ള പി. ശ്രീധരൻപിള്ള ബി. എ. ഈ. വി.യുടെയും സഞ്ജയൻ്റെയും ഫലിത മർമ്മജ്ഞത സീതാരാമനിൽ ഏകീഭവിച്ചു നില കൊള്ളുന്നു. ഹാസ്യകാരന്മാരിൽ പലരേയും പോലെ അന്തസ്സാരവിഹീനങ്ങളായ ഫലിതങ്ങൾ അദ്ദേഹം തട്ടിമുളിക്കാറില്ല. സീതാരാമൻ്റെ ഹാസ്യകൃതികൾ കൂടുതലും പദ്യരൂപത്തിലാണു് പുറത്തുവന്നിട്ടുള്ളതു്. ‘നിഴലും വെളിച്ചവും’ തുടങ്ങിയ കൃതികളെപ്പറ്റി ‘പദ്യസാഹിത്യചരിത്ര’ ത്തിൽ നിരൂപണം ചെയ്തിട്ടുണ്ട്. ഹാസ്യരേഖകൾ, ഹാസ്യലഹരി, കളിയും കാര്യവും എന്നിവ ഗദ്യസ്വരൂപമായ നല്ല വിനോദകൃതികളത്രെ.

കുഞ്ഞപ്പ: സുപ്രസിദ്ധ സരസഗദ്യകാരനായിരുന്ന മുർക്കോത്തു കുമാരൻ്റെ പുത്രനാണു് മൂർക്കോത്തു കുഞ്ഞപ്പ. ‘പരശുരാമൻ’ എന്ന ഒളിപ്പേരിൽ മാതൃഭൂമി തുടങ്ങിയ പത്രങ്ങളിൽ പ്രസിദ്ധപ്പെടുത്തിയിരുന്ന പതിനഞ്ചു ഹാസ്യലേഖനങ്ങളുടെ സമാഹാരമാണു് ‘ലോലാക്ഷികൾ’. പേരുകൊണ്ടുതന്നെ പ്രബന്ധങ്ങളെല്ലാം സ്ത്രികളെസ്സംബന്ധിച്ചവയാണെന്നു വ്യക്തമാണല്ലോ. ലോലാക്ഷികളുടെ പ്രത്യേകത, അതിലെ ലേഖനങ്ങൾ വിനോദപൂർണ്ണങ്ങളായിരിക്കുന്നതോടൊപ്പം, അവ യാഥാർത്ഥ്യങ്ങളുമായിരിക്കുന്നു എന്നതാണു്. തന്മയത്വം അതിൻ്റെ ശരിയായ അർത്ഥത്തിൽ ഓരോ ലേഖനത്തിലുമുണ്ടു്.

പി. കെ. രാജരാജവർമ്മ: അടുത്തകാലത്ത് ഈ മാർഗ്ഗത്തിൽ സഞ്ചരിച്ചിട്ടുള്ള ഫലിതപ്രയോഗചതുരന്മാരിൽ അഗ്രഗാമിയാണു് രാജരാജവർമ്മ. ‘പഞ്ചുമേനവനും കുഞ്ചിയമ്മയും’ (4 ഭാഗങ്ങൾ) എന്ന കൃതി ഒന്നുമാത്രം മതി ആ സരസ്വതീപ്രസാദവിരുതൻ്റെ രസികത വേണ്ടുവോളം കണ്ടിരിക്കുവാൻ. പഞ്ചുമേനവനും കുഞ്ചിയമ്മയും കേരളക്കരയിൽ സഞ്ചരിക്കാത്ത സ്ഥലം കാണുമെന്നു തോന്നുന്നില്ല. അവരുടെ സല്ലാപങ്ങൾ കേൾക്കുവാൻ ആർക്കും ഇഷ്ടമാണ്. സാരസ്യസമ്പൂർണ്ണമാണു് അവരുടെ സംഭാഷണങ്ങൾ. അതു കേൾക്കുന്നതിൽ ഒരലംഭാവവും ആർക്കും വന്നുചേരുന്നതല്ല. “ഒരു ചെറുകുടുംബത്തിൻ്റെ – ഒരു ഭർത്താവും ഭാര്യയും രണ്ടു കുട്ടികളും ഒരു ഭാര്യാമാതാവും ഉൾപ്പെട്ട ഒരിടത്തരം കുടുംബത്തിൻ്റെ – ഗൃഹജീവിതമാണ് അതിലെ ഇതിവൃത്തം.” ‘ചുക്കില്ലാത്ത കഷായമില്ല’ എന്നു പറയാറുള്ളതുപോലെ, ‘കുഞ്ചി’ ചേരാത്ത പി. കെ.യുടെ കൃതികളും ചുരുക്കമാണു്. ‘പ്രസിഡണ്ടു കുഞ്ചി’, ‘കുഞ്ചിയമ്മയുടെ ആത്മകഥ’, ‘ശ്രീമതി കുഞ്ചി’ മുതലായവ നോക്കുക. എരുവും പുളിയും, കളിയല്ല, ലഘുഭക്ഷണം. ‘ശുപ്പു, ശുപ്പു!’, ഗുരുത്വക്കേട്ട്, ഇഞ്ചിനീര്, വിനോദയാത്ര, കഷണ്ടിസംഹാരി എന്നിങ്ങനെ ഒട്ടനേകം ഹാസ്യകൃതികൾ രാജരാജവർമ്മയുടെ വിദഗ്ദ്ധതൂലികയിൽനിന്നു് ഇതിനകം പുറത്തുവന്നിട്ടുണ്ട്. മിക്കവയ്ക്കും സുപ്രസിദ്ധ ഹാസസാഹിത്യകാരനായ പി. ജി. വോഡ് ഹൗസിനോടു കുറെയൊക്കെ കടപ്പാടുണ്ടെന്നു തോന്നുന്നു. എങ്കിലും കഥാപാത്രങ്ങളും സംഭവങ്ങളും മുഴുവൻ കഥാകൃത്തിൻ്റെ സാങ്കല്പികങ്ങളാണെന്ന വസ്തുത പ്രത്യേകം എടുത്തുപറയേണ്ടതുമുണ്ടു്. രാജരാജവർമ്മയുടെ തൂലിക രസികതയ്ക്കുവേണ്ടി ചിലപ്പോഴെല്ലാം അശ്ലീലതയിലേക്കു കടന്നുപോകാറുണ്ടെന്നുള്ളതും ചൂണ്ടിക്കാണിക്കാതെ തരമില്ല. കഷണ്ടിസംഹാരിയിലെ, ‘ബ്ലൗസൂരിയ ചന്ദ്രിക’ മുതലായ ഭാഗങ്ങൾ അതിലേക്കു നിദർശനങ്ങളാണു്.