വിനോദകഥകൾ
പുത്തേഴത്ത് രാമമേനോൻ: തുടർന്നു നമ്മുടെ ശ്രദ്ധയെ ആകർഷിക്കുന്നതു്,
“പുത്തേഴനിന്നഖില പണ്ഡിതപാമരർക്കും മുത്തേകിടും ഫലിതസാഹിതിയിൽ പ്രസിദ്ധൻ” എന്നു കവി തിലകൻ പി. ശങ്കരൻനമ്പ്യാർ പ്രശംസിച്ചിട്ടുള്ള രാമമേനോനാണ്. അദ്ദേഹത്തിൻ്റെ ‘ചവറ്റുകൊട്ട’ ഫലിത വാങ്‌മയങ്ങൾ നിറച്ച ഒരു കൊച്ചു കൊട്ടതന്നെയാണു്. കുപ്പിച്ചില്ല്, തീപ്പെട്ടിക്കോല്, പഴത്തൊലി തുടങ്ങിയ വസ്തുക്കളെ തലക്കെട്ടാക്കി എഴുതിയിട്ടുള്ള ഏതാനും നർമ്മോപന്യാസങ്ങളാണു് ചവറ്റുകൊട്ടയിലുള്ളതു്: തീരെ നിസ്സാരങ്ങളെന്നു തോന്നുന്ന ഈ വസ്തുക്കളെപ്പറ്റി പ്രതിപാദിക്കുന്നതിനിടയ്ക്ക് മറ്റു പലതുമായുള്ള ബന്ധങ്ങൾ വരുത്തി പ്രതിപാദ്യവസ്തുവിനെ ഏറ്റവും ശ്രദ്ധേയമാക്കുവാൻ ശ്രമിച്ചിട്ടുള്ളതിലാണു് ഈ പ്രബന്ധങ്ങളുടെ വിജയം സ്ഥിതിചെയ്യുന്നതു്. ‘എണ്ണക്കുട’ത്തിൽ, ഒന്ന്, രണ്ടു് എന്നു തുടങ്ങുന്ന എണ്ണങ്ങളുടെ മഹത്വത്തെ സരസമായി പ്രകാശിപ്പിക്കുന്നു. ‘ആത്മപോഷിണി’യിൽ തുടർച്ചയായി പ്രസിദ്ധപ്പെടുത്തി വന്ന ഡയറിയുടെ പുസ്തകരൂപമാണു് ‘ദാമോദരൻനായരുടെ ഡയറി.’ അതുപോലെതന്നെ കൈരളിയിൽ എഴുതിയിരുന്ന ഏതാനും ഹാസ്യലേഖനങ്ങളുടെ സമാഹാരമാണു് ‘വിദ്യുജ്ജിഹ്വൻ്റെ വിളയാട്ടം.’ രണ്ടിലും ധാരാളം നേരംപോക്കും കടുത്ത പരിഹാസങ്ങളും നിറഞ്ഞിരിക്കുന്നു. പുത്തേഴത്തിൻ്റെ ‘പരിഹാസത്തിലൂടെ’യുള്ള ‘നേരമ്പോക്ക്’ ബഹുരസമെന്നേ പറയേണ്ടു. ചിന്തിക്കാനും കുറെയൊക്കെ വക നല്കുന്നുണ്ട്. അടുത്തൂൺ, കാമൂഫ്ളാഷ്, മുളിപ്പുവും മത്താപ്പും എന്നു തുടങ്ങിയ കൃതികളും പ്രത്യേകം എടുത്തു പറയത്തക്കവയാണു്. കേരളത്തിലെ പത്രമാസികകളിൽ ഒന്നെങ്കിലും ഈ രസികേശ്വരൻ്റെ സരസ്വതി നടനം ചെയ്യാ ത്തതായി ഇന്നു കാണുമെന്നു തോന്നുന്നില്ല. ശതാഭിഷേകത്തിലേക്കു കടന്നുപോകുന്ന പുത്തേഴൻ യുവസഹജമായ ഉന്മേഷത്തോടെ ഇന്നും തൂലികയെ ചലിപ്പിച്ചുകൊണ്ടിരിക്കയാണു്.
