ഗദ്യസാഹിത്യചരിത്രം. ഒൻപതാമദ്ധ്യായം

വിനോദകഥകൾ

സാമൂഹ്യജീവിതത്തിൻ്റെ ചില വൈകൃതങ്ങളെ പ്രത്യേകം എടുത്തു കാട്ടി മനുഷ്യനെ ശുദ്ധിപ്പെടുത്തുവാനാണു് ഈ. വി. യുടെ തൂലിക പ്രവത്തിച്ചിരുന്നതു്. സാമൂഹ്യജീവിതത്തിൽ മാലിന്യം വലിച്ചിടുന്നവരെ, കുഞ്ചൻനമ്പ്യാരെപ്പോലെതന്നെ, അദ്ദേഹം എവിടെ നിന്നെങ്കിലും പിടികൂടും. കണിയാർ, പത്രാധിപന്മാർ, പെൻഷനമ്മാവന്മാർ, കൊച്ചമ്മമാർ, വിവാഹദല്ലാളികൾ, വിരുന്നുകാർ മുതലായ വരെ പിടികൂടുന്നതു നോക്കുക. യാതൊരു ദാക്ഷിണ്യവുമില്ലാതെ അത്തരക്കാരുടെ തൊലി ഉരിഞ്ഞുവിടുവാൻ ഈ.വി. ക്ക് ഒരു കൂസലുമില്ല. ഈ.വി. യുടെ സരസ്വതി ആരെയും പ്രഹരിക്കും; ആരെയും ചിരിപ്പിക്കുകയും ചെയ്യും. കാണാപ്പാഠമാക്കിയ കൃതജ്ഞതാപ്രകടനവും മറ്റും വായനക്കാരെ പൊട്ടിച്ചിരിപ്പിക്കുന്നവയാണു്. മറ്റുള്ളവരെ രസിപ്പിക്കുവാൻ വേണ്ടി സ്വയം കളിയാക്കുന്ന സമ്പ്രദായവും ഈ.വി.ക്കുണ്ട്. ഈ.വി. യുടെ പ്രധാന ഹാസ്യകൃതികൾ ചിരിയും ചിന്തയും (2 ഭാഗങ്ങൾ), കവിതക്കേസ്, പെണ്ണരശുനാടു് മുതലായവയാണു്. * (ഈ. വി. – കുന്നത്തൂർ താലൂക്കിൽ കുന്നത്തൂർ ദേശത്ത് ഇഞ്ചക്കാട്ടു പുത്തൻ വീട്ടിൽ കല്യാണിയമ്മയുടേയും കുന്നത്തൂർ പപ്പുപിള്ളയുടേയും പുത്രനായി 1070 ചിങ്ങം 30-ാം തീയതി കൃഷ്ണപിള്ള ജനിച്ചു. തിരുവനന്തപുരത്തു ബി. എ.യ്ക്കു പഠിക്കുന്ന കാലത്തു്, സി. വി. രാമൻപിള്ളയുടെ അന്തേവാസിയായിത്തീർന്നു. ആ അന്തേവാസിത്വം ഈ. വി.ക്കു ഗണനീയമായ പല മേന്മകൾക്കും കാരണമായി. 1109 ചിങ്ങം 26-ാംതീയതി കൊല്ലത്തുനിന്നു മലയാളരാജ്യം ചിത്രവാരിക ആരംഭിച്ചപ്പോൾ അതിൽ ‘ത്രിലോകസഞ്ചാരി’ എന്ന തൂലികാനാമത്തിൽ ഫലിതരസം കരകവിയുന്ന വാങ്‌മയങ്ങൾ ഒഴുക്കിയിരുന്നതു് സ്മര്യപുരുഷനാണു്. അതുപോലെ തന്നെ കോട്ടയത്തുനിന്നു മലയാളമനോരമ 1113 ചിങ്ങം 13-ാംതീയതി മുതൽ വാരിക ആരംഭിച്ചപ്പോൾ ‘നേത്രരോഗി’ എന്ന പേരിൽ സാരസ്യം തുളുമ്പുന്ന ലേഖനങ്ങൾ എഴുതിയിരുന്നതും മറ്റാരുമായിരുന്നില്ല. മനോരമ ആഴ്ചപ്പതിപ്പിൻ്റെ പത്രാധിപരും ഈ. വി. തന്നെയായിരുന്നു. 1113 മീനം 17-ാംതീയതി ഈ രസികശിരോമണി ഐഹികവാസം വെടിഞ്ഞു.)