വിനോദകഥകൾ
സഞ്ജയൻ്റെ ഫലിതങ്ങൾ ‘കേരളപത്രിക’യുടെ പേജുകളിൽക്കൂടിയാണു് ആദ്യം അരങ്ങത്തു വന്നതു്. പിന്നീട് അദ്ദേഹം പ്രസിദ്ധപ്പെടുത്തിയ ‘വിശ്വരൂപം’, ‘സഞ്ജയൻ’ എന്നീ മാസികകൾ വഴിക്കും മറ്റുമായിരുന്നു. അത്തരം ഹാസ്യലേഖനങ്ങൾ സമാഹരിച്ചു പിന്നിട് മാതൃഭൂമി, ‘സഞ്ജയൻ’ എന്ന പേരിൽത്തന്നെ നാലുഭാഗങ്ങൾ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. ഓരോന്നും ബുദ്ധിയിലോ മനസ്സിലോ ഒരു പുഞ്ചിരി പരത്തുവാൻ പോരുന്നതും, അതോടൊപ്പം കുറെയൊക്കെ ചിന്തിപ്പിക്കാൻ കഴിയുന്നതുമാണു്. ലക്ഷ്യത്തിൽക്കൊള്ളുന്ന പരിഹാസവും. മർമ്മം പിളർക്കുന്ന ഫലിതവും സഞ്ജയനിൽ നിറഞ്ഞു കാണാം. അസഭ്യം പുലമ്പുന്ന ചില വഷളന്മാരുടെ ഫലിതവും പരിഹാസവുമല്ല അവയിലുള്ളതെന്നുകൂടി പറഞ്ഞുകൊള്ളട്ടെ. സമുദായത്തിൻ്റെയും രാഷ്ട്രത്തിൻ്റെയും ദുർമ്മേദസ്സുകൾക്കു വേദനയും ക്ഷയവും വരുന്നതുവരെ ചിരിപ്പിച്ചു. ധർമ്മസുഭഗവും കർമ്മപരവുമായ അംഗങ്ങൾക്ക് ഉന്മേഷം വളർത്തുവാൻ ആ ജീവിതചികിത്സകൻ്റെ ഫലിത പ്രയോഗത്തിനുണ്ടായിരുന്ന ശക്തി അന്യാദൃശം തന്നെയായിരുന്നു.* (സഞ്ജയൻ 1903 ജൂൺ 13-ാംതീയതി തലശ്ശേരിയിൽ തെയോത്തു എന്ന ഭവനത്തിൽ ജനിച്ചു. പിതാവു് തലശ്ശേരി മാടാവിൽ ചെറിയകുഞ്ഞുരാമൻ വൈദ്യരും, മാതാവു് മാണിക്കത്തു പാറുവമ്മയുമായിരുന്നു. മാണിക്കത്തു രാമുണ്ണിനായർ എന്ന പേരാണ് കാലാന്തരത്തിൽ എം. ആർ. നായരായതു്. സാഹിത്യരംഗത്തു പല പേരുകൾ സ്വീകരിച്ചു. കേരളപത്രികയിൽ സാഹിത്യദാസനായിരുന്നു. പിന്നീട് ചങ്ങലം പരണ്ട പാറപ്പുറത്തു സഞ്ജയൻ എന്ന തൂലികാനാമം സ്വീകരിച്ചു. പാറപ്പുറത്തെ സഞ്ജയൻ്റെ സങ്കുചിതരൂപമാണു് പി. എസ്. ആയി പരിണമിച്ചതു്. 1936 മുതൽ ’39 വരെ സഞ്ജയൻ എന്നും 1940 മുതൽ 1941 വരെ വിശ്വരൂപം എന്നും രണ്ടു സ്വതന്ത്ര മാസികകൾ നടത്തിയിരുന്നു. അവയിൽ പതിവായി പി. എസ്. എഴുതിയിരുന്ന കൊച്ചിക്കത്തുകളും മറ്റും എത്രമാത്രം ഫലിതം തുളുമ്പുന്ന വാങ്‌മയങ്ങളാണെന്നു പറയേണ്ടതില്ല. ഈ സരസ്വതീദാസൻ 1942 സെപ്റ്റംബർ 13-ാം തീയതി നിത്യനിദ്ര പ്രാപിച്ചു.)
