വിനോദകഥകൾ
ഈ.വി.യും സഞ്ജയനും മലയാളത്തിലെ ഫലിത സാഹിത്യ ശാഖയുടെ മുന്നണിയിൽ നില്ക്കുന്ന രണ്ടു മഹാരഥന്മാരാണു് ഈ. വി. കൃഷ്ണപിള്ളയും, സഞ്ജയൻ എന്ന പേരിൽ പ്രസിദ്ധനായ എം. രാമുണ്ണി നായരും. ഈ. വി. കേരളത്തിൽ, ദക്ഷിണാത്യന്മാർക്കും, സഞ്ജയൻ ഔത്തരാഹന്മാർക്കും കൂടുതൽ പ്രിയങ്കരന്മാരത്രെ. തിരുവിതാംകൂർ കാര്യങ്ങളാണു് ഈ. വി യുടെ തൂലികയിൽക്കൂടി അധികവും ചലിച്ചിരുന്നതു്. മീററിംഗു ചടങ്ങുകളും മറ്റും ഈ. വി.യുടെ കടുത്ത പരിഹാസങ്ങൾക്കു പലവിധത്തിലും പാത്രമായിട്ടുള്ളവയാണു്. അന്നത്തെ തിരുവിതാംകൂർകാർക്കാണു്. ആവക വിഷയങ്ങളിൽ കൂടുതൽ രസം തോന്നുക. സഞ്ജയൻ്റെ ഫലിതങ്ങളിൽ ഭൂരിഭാഗവും പ്രാദേശിക വിഷയങ്ങളിൽ – കോഴിക്കോടും പാലക്കാട്ടുമുള്ള മുനിസിപ്പാലിറ്റികളിലും മറ്റുമായി – ഒതുങ്ങിക്കഴിയുന്നവയാകകൊണ്ടു കേരളീയർക്കാകമാനം ആസ്വാദ്യമായവയല്ല. എന്നാൽ സാർവ്വദേശിയമായ വിഷയങ്ങളും അദ്ദേഹം സ്വീകരിക്കാതിരുന്നിട്ടില്ല. സാഹിത്യത്തിലും രാഷ്ട്രത്തിലും സമുദായത്തിലും കേരളത്തിലും ഭാരതത്തിലും ഒട്ടാകെ ചില പരിവർത്തനങ്ങൾ ആരംഭിച്ചിരുന്ന ഒരു കാലഘട്ടത്തിലാണു് സഞ്ജയൻ തൂലികയുമായി മുന്നോട്ടിറങ്ങിയത്. യാഥാസ്ഥിതികചേരിയിലും പുരോഗമനതലമുറയിലും ചേർന്നുനില്ക്കാതെ രണ്ടിൽനിന്നും ഒഴിഞ്ഞു സ്വതന്ത്രമായ ഒരു ചേരിചേരാനയം അദ്ദേഹം സ്വീകരിച്ചിരുന്നു. സാഹിത്യ രംഗത്തും, രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലും വഴിപിഴയ്ക്കാത്ത തരത്തിലുള്ള ചില നിർദ്ദേശങ്ങൾ നല്കുവാൻ അദ്ദേഹത്തിനുസാധിച്ചതു് അതു കൊണ്ടുതന്നെയാണു്. ബുദ്ധിജീവിയായ കലാകാരനേയും പാമരപ്രായന്മാരായ കർഷകനേയും തൊഴിലാളിയേയും ഒന്നുപോലെ പരിവർത്തനോന്മുഖമായ ഒരു സർഗ്ഗശക്തിയിലേക്കു തിരിക്കുവാൻ ആ തൂലിക അന്നു ശക്തമായി പ്രവത്തിച്ചുകൊണ്ടിരുന്നു.
