വിനോദകഥകൾ
നായനാർ തുടങ്ങിയവർ: ആളുകളെ ചിരിപ്പിച്ചു രസിപ്പിക്കണമെന്നുള്ളതാണല്ലോ ഹാസ്യത്തിൻ്റെ മുഖ്യമായ ലക്ഷ്യം. ‘കല കലയ്ക്കു വേണ്ടി’ എന്ന ആദർശമാണു് അതിലുള്ളതു്. ചിരിക്കാൻ വകനല്കുന്ന വാങ്‌മയമേതും ഹാസസാഹിത്യമായിട്ടാണു് നാമെണ്ണുക. എന്നാൽ കാര്യമായി വിചാരിക്കുകയും, നേരമ്പോക്കായി പറയുകയും ചെയ്യുക
പറങ്ങോടീപരിണയം തുടങ്ങിയവ: മലയാളത്തിലെ നാടക പ്രസ്ഥാനം ദുഷിച്ചുവശായപ്പോൾ അതിനെ തടയുവാൻവേണ്ടി, – സംസ്കൃത നാടകങ്ങളുടേയും സ്വതന്ത്ര നാടകങ്ങളുടേയും തള്ളിക്കയറ്റത്തെ തടയുവാൻവേണ്ടി – രാമക്കുറുപ്പ് എഴുതിയ ചക്കീചങ്കരം ഈയവസരത്തിൽ സ്മർത്തവ്യമാകുന്നു. അതുപോലെതന്നെ നോവലുകളുടെ അപഥ സഞ്ചാരത്തെ തടയുവാൻവേണ്ടി, — കിഴക്കേപ്പാട്ടു രാമൻകുട്ടിമേനോൻ എഴുതിയിട്ടുള്ള പറങ്ങോടീപരിണയത്തിൻ്റെ കാര്യവും പ്രസ്താവ്യമാകുന്നു. (ഇവയെപ്പറ്റി നാടകങ്ങൾ, നോവലുകൾ എന്നീ അദ്ധ്യായങ്ങളിൽ പ്രത്യേകം വിവരിക്കുന്നുണ്ട്). കെ. സുകുമാരൻ ബി. ഏ. യുടെ അനേകം ഉപന്യാസങ്ങൾ – ‘കൂനിയുടെ കുസൃതി’, ‘ഞാനും എൻ്റെ പേടിയും’, ‘എൻ്റെ ശ്ലോകങ്ങൾ’, ‘കൂനിചികിത്സ’ എന്നു തുടങ്ങി മൂന്നുനാലു ദശാബ്ദങ്ങൾക്കു മുമ്പു് ‘ഭാഷാപോഷിണി’യിലും മാറ്റുമായി പ്രസിദ്ധപ്പെടുത്തിയിരുന്ന അനേകം പ്രബന്ധങ്ങൾ – ഈയവസരത്തിൽ ആരും അനുസ്മരിച്ചുപോകും. മൂർക്കോത്തുകുമാരൻ, കാരാട്ട് അച്യുതമേനോൻ മുതലായവരുടെ രസികരസായനങ്ങളും വിസ്മരിക്കാവുന്നതല്ല. അച്യുതമേനോൻ്റെ അമ്മായിപ്പഞ്ചതന്ത്രം പ്രസിദ്ധമാണു്.
