ഗദ്യസാഹിത്യചരിത്രം. ഒൻപതാമദ്ധ്യായം

വിനോദകഥകൾ

വേളൂർ കൃഷ്ണൻകുട്ടി: അടുത്തകാലത്തു മലയാളമനോരമ ആഴ്ചപ്പതിപ്പിൽക്കൂടി വളരെ പ്രസിദ്ധനായിത്തീന്ന ഒരു വിനോദലേഖകനാണു് ഈ യുവാവു്. ഏതു നിലവാരത്തിലുള്ളവരേയും രസിപ്പിക്കുവാൻ കൃഷ്ണൻ കുട്ടിയുടെ തൂലികയ്ക്കു മിടുക്കുണ്ട്. താഴെത്തട്ടിലുള്ളവർക്ക് ഈ യുവാവിന്റെ വിഭവങ്ങൾ കൂടുതൽ സ്വാദിഷങ്ങളുമാണു്. കൃഷ്ണൻകുട്ടിയുടെ ‘മാസപ്പടി മാതുപിള്ള’, പഞ്ചുമേനവനും കുഞ്ചിയമ്മയും എന്ന കൃതിക്കൊപ്പം കേരളക്കര മുഴുക്കെ പ്രസിദ്ധിയാർജ്ജിച്ചുകഴിഞ്ഞിരിക്കുന്നു. ഒട്ടുവളരെ കൃതികൾ ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ ഈ യുവാവു പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്, ഫലിതത്തിൻ്റെയും പരിഹാസത്തിൻ്റെയും ഒരു ചെല്ലസ്സന്താനമാണ് കൃഷ്ണൻകുട്ടി എന്നു പറയുന്നതിൽ തെറ്റില്ല. അദ്ദേഹത്തിൻ്റെ വാങ്മയമേതും സരസമാണു്. ചിലതിൽ സാംസ്‌കാരികശുദ്ധി കുറയുമെങ്കിലും. മാസപ്പടി മാതുപിള്ളയ്ക്കു പുറമെ, മാസപ്പടി മാതുപിള്ള എക്സ്-എം. എൽ. എ.. മാസപ്പടി മാതുപിള്ളയുടെ അരക്ഷിതാവസ്ഥ, മാസപ്പടി മാതുപിള്ളയുടെ വിമോചനയാത്ര. ആനവാൽ, അരിമ്പാറദേവസ്യാ, ഇരു പത്തെട്ടുകെട്ട്, കല്യാണം കഴിഞ്ഞപ്പോൾ, കുതിരവാലി, കുഭകർണ്ണ കുറുപ്പ്, കൊറിയാവാലാ, ഗ്രഹപ്പിഴ, ഗ്യാസ്‌ഭബിൾ, ദല്ലാൾ, പൂവൻ പഴത്തിൻ്റെ നിറവും കറുത്തൊരു മറുകും, മധുരനാരങ്ങ, മുഴുക്കിറുക്ക്, ശങ്കുഅളിയൻ, സബർജിൽ, റിട്ടയാർഡായി, ഞെക്കുവിളക്ക്, ബിസ്ക്കറ്റുകൾ. ഇടവഴിൽ കിട്ടുവാശാൻ എന്നിവയാണു് കൃഷ്ണൻകുട്ടിയുടെ മററു കൃതികൾ.

ഇനിയും ഈ വിഭാഗത്തിൽ പേർപറയത്തക്ക ചിലർ കൂടിയുണ്ട്. പൂത്തിരി, മായപ്രപഞ്ചം തുടങ്ങിയ കൃതികൾ എഴുതിയിട്ടുള്ള തീക്കൊടിയൻ, വാണക്കുറ്റി (അതിഥികൾ). മലങ്കാടൻ (മെത്താപ്പ്), എം. ഇ. മാത്യു (ആദ്യത്തെ ലക്ചർ), മിസ്സിസ് സുന്ദരം (ജനകീയനർത്തകി, രമണി) മുതലായവരുടെ പേരുകൾ ഇവിടെ ചൂണ്ടിക്കാണിക്കത്തക്കവയാണ്.