ഗദ്യസാഹിത്യചരിത്രം. ഒൻപതാമദ്ധ്യായം

വിനോദകഥകൾ

വിക്രമൻ: മാതൃഭൂമി മുതലായ ആനുകാലിക പ്രസിദ്ധീകരണങ്ങൾ വഴി പ്രസിദ്ധനായ ഒരു തൂലികാവിദഗ്ദ്ധനാണു് വിക്രമൻ. സാക്ഷാൽ നാമധേയം സി. ആർ. കേരളവർമ്മ എന്നത്രെ. ഭംഗി, രോഗഭ്രാന്തു് എന്നു തുടങ്ങിയ കൃതികൾ ശരിയായ പേരിൽ ത്തന്നെയാണു് പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതു്. ഒന്നാംക്ലാസ്സ്, ഓണക്കാലം, സാരമില്ല എന്നുതുടങ്ങിയവ വിക്രമൻ എന്നപേരിലും. വിക്രമൻ്റെ ലേഖനങ്ങൾ വിനോദപ്രദമാണെങ്കിലും, ഏതിലും കുറച്ചു കാര്യഗൗരവം തലയെടുത്തുനില്ക്കുന്നതു കാണാം. വെറും ചിരിക്കു മാത്രമുള്ളതല്ല, അദ്ദേഹത്തിൻ്റെ വിനോദങ്ങൾ. ചിരിയിൽക്കൂടി ചിന്തയിലേക്കും അവ വായനക്കാരെ നയിക്കുന്നു. സംസ്‌കാരത്തിൻ്റെ തീരെ താഴെത്തട്ടിലുള്ളവർക്കു വിക്രമൻ്റെ വിനോദകൃതികൾ അധികം ആസ്വദിക്കാൻ കഴിഞ്ഞില്ലെന്നുവരാം. തറവാടിത്തം തുളുമ്പുന്ന സംസ്‌കാരം അദ്ദേഹത്തിൻ്റെ ഉപന്യാസങ്ങളിൽ ഓരോന്നിലും വായനക്കാക്കു് അനുഭവപ്പെടുന്നതാണു്. ഓണക്കാലം മുതലായവയിൽ പ്രയോഗിച്ചിട്ടുള്ള ഫലിതങ്ങൾ ഉള്ളിനുള്ളിൽ തറയ്ക്കുന്നവ തന്നെ. ശൈലി പ്രസന്നമധുരവുമാണു്.