വിനോദകഥകൾ
ആനന്ദക്കുട്ടൻ: ഫലിതത്തിൻ്റെപേരിൽ എന്തെങ്കിലും അശ്ലീലതയോ വിഴുപ്പുകളോ എഴുന്നള്ളിക്കുന്നവരാണു നമ്മുടെ വിനോദ ലേഖകന്മാരിൽ വലിയൊരു വിഭാഗവും. ആനന്ദക്കുട്ടൻനായർ തികച്ചും അതിൽ നിന്നു വിഭിന്നനാണു്. അദ്ദേഹത്തിൻ്റെ കലാസൃഷ്ടികൾ ഓരോന്നിലും നർമ്മബോധത്തിൻ്റെ നിർമ്മലമായ തരംഗങ്ങൾ തുളുമ്പി നിലകൊള്ളുന്നു. ‘എതിരേല്പു” എന്ന സമാഹാരത്തിൽ ഇങ്കിലാബു കുഞ്ഞുട്ടൻ, മൂന്നിൽ ചൊവ്വ തുടങ്ങിയ 19 ചെറുകഥകൾ അഥവാ ജീവിതചിത്രീകരണങ്ങൾ അടങ്ങിയിരിക്കുന്നു. ഓരോന്നും ആസ്വാദകരുടെ എതിരേല്പിനെ അർഹിക്കുന്നതുമാണ്. മുള്ളുകൾ, കടലാസുമന്ത്രി, പാപികളുടെ താഴ്വര ഇവയത്രെ ഈ നർമ്മരസികൻ്റെ മറ്റു സമാഹാരങ്ങൾ. ജീവിതത്തിൽനിന്നു ചീന്തിയെടുത്ത ഓരോ അംശമാണ് ഓരോന്നിലും പ്രതിപാദിക്കുന്നതു്. പ്രതിപാദനമോ ആകർഷകവും. നമ്മുടെ ഹാസസാഹിത്യത്തിൻ്റെ വളർച്ചയ്ക്ക് ആനന്ദക്കുട്ടൻ്റെ കഴിവുകൾ ഇനിയും വിനിയോഗിക്കപ്പെടേണ്ടതാണ്.
ശിവദാസമേനോൻ്റെ ശിക്കാറ്: നായാട്ടുലേഖനങ്ങളും തത്സംബന്ധമായ കഥകളുമാണു് എം. പി. ശിവദാസമേനോൻ്റെ മലബാറിലെ ശിക്കാറു് എന്ന കൃതിയിലുള്ളത്’. മേനോനു് സരസമായി കഥ പറയാനറിയാം. ആ നർമ്മബോധത്തിൻ്റെ പ്രസരംകൊണ്ടു തേജോമയങ്ങളാണു് ഈ നായാട്ടുകഥകൾ. പക്ഷികളുടേയും മൃഗങ്ങളുടേയും ജീവിത വീക്ഷണം ശരിക്കു നിർവ്വഹിച്ചിട്ടുള്ള ഒരു വ്യക്തിയാണു് ഗ്രന്ഥകാരനെന്നു് ഇതിലെ ഏതുപന്യാസവും വ്യക്തമാക്കും. മലബാറിലെ ശിക്കാറു് മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ചു തുടങ്ങിയതോടെ ശിവദാസമേനോൻ അഖിലകേരളീയരുടേയും ശ്രദ്ധയിൽ പെട്ടുകഴിഞ്ഞു ചിരിക്കാനും ചിന്തിക്കാനും വകനല്കുന്നവയാണു് ഇതിലെ ഓരോ ലേഖനവും. മലയാളഭാഷയിൽ ഇതുപോലെ വിശ്വപ്രകൃതിയിൽ ചാലിച്ചെഴുതിയിട്ടുള്ള നായാട്ടുകഥകൾ അധികമൊന്നുമില്ല. സി. എസ്. ഗോപാലപ്പണിക്കരുടെ ഒരു മുതലനായാട്ട് – അനേകം വർഷങ്ങൾക്കു മുമ്പെഴുതിയ ആ പ്രബന്ധം – ഒന്നേ പ്രത്യേകം എടുത്തു പറയുവാനുള്ളു. 450-ൽ പരം പേജുകളുള്ള ഈ കൃതി ഇരുന്നയിരുപ്പിൽത്തന്നെ ആരും വായിച്ചുതീർക്കും. അത്രയ്ക്ക് ആകർഷകമാണു് ആവിഷ്ക്കരണരീതി.* (ശിവദാസമേനോൻ 1890 ഏപ്രിൽമാസത്തിൽ ഏറനാട്ടിലെ പൊടിയത്തു് എന്ന ഗ്രാമത്തിൽ ജനിച്ചു. 27 വർഷത്തോളം സാമൂതിരി കോളേജിൽ അദ്ധ്യാപകനായിരുന്നു.)
