വിനോദകഥകൾ
എൻ. പി. ചെല്ലപ്പൻനായർ: ഏതു ഗംഭീരചിത്തനേയും ചിരിപ്പിക്കാൻ പോരുന്നതാണു ചെല്ലപ്പൻനായരുടെ സരസ്വതി. ഒരു നാടക കൃത്ത് എന്ന നിലയിലാണു് എൻ. പി. കൂടുതൽ പ്രസിദ്ധനായിട്ടുള്ളതു്. ഹാസ്യരസപ്രധാനങ്ങളായ ചെറുകഥകളും കുറെയൊക്കെ എഴുതിയിട്ടുണ്ടു്. വെള്ളപ്പിറാവുകൾ, തവിട്ടുമുണ്ടികൾ, കാട്ടുപൂച്ചകൾ, മലുക്കുകളും ഇബിലീസുകളും, കാക്കകളും കാക്കത്തമ്പുരാട്ടികളും എന്നിവ അങ്ങനെയുള്ള ഏതാനും സമാഹാരങ്ങളാണു്. മനുഷ്യനും പിശാചും, ഇരുളും കളിയും, തൊമ്മനും ചാണ്ടിയും ഇത്തരം പേരുകളിൽ പതിനൊന്നു കഥകളാണു ‘വെള്ളപ്പിറാവുകളിൽ ഉള്ളത്. തലക്കെട്ടുകൊണ്ടുതന്നെ ഓരോന്നിലെ ഫലിതത്തിൻ്റെ സ്വഭാവവും ഏതാണ്ടു് ഊഹിക്കാവുന്നതാണല്ലോ ‘ക്ഷീരബല സഹചരാദികഷായത്തിൽ’ എന്ന നാടകം ചിരിയെ ഇളക്കിവിടുന്ന ഒരു കഷായയോഗംതന്നെയാണു്.
മീശാൻ : കെ.എസ്. കൃഷ്ണപിള്ളയുടെ തൂലികാനാമമാണ് ‘മീശാൻ’ എന്നതു്. ഹാസ്യസാഹിത്യത്തിൽ ആ പേരിലാണ് അദ്ദേഹം അറിയപ്പെടുന്നതും. അദ്ദേഹത്തിൻ്റെ ഒരു ലേഖന സമാഹാരത്തിൻ്റെ പേരും ‘മീശാൻ’ എന്നുതന്നെ. കേട്ടുകേൾവിയെ അടിസ്ഥാനമാക്കി തൂലികാചിത്രം എഴുതുന്നവരെ അതിലെ ഒരു ലേഖനത്തിൽ കണക്കിനു ശകാരിച്ചിട്ടുണ്ട്. സൗന്ദര്യമത്സരക്കാർ, കഥാപ്രസംഗക്കാർ എന്നുതുടങ്ങി വിവിധ മണ്ഡലങ്ങളിലുള്ളവരെയും മീശാൻ പിടികൂടുന്നുണ്ട്. “ഠോ’ എന്നു കേൾക്കുമ്പോൾ രാമരാജബഹദൂരിലെ ഹരിപഞ്ചാനനന്മാരുടെ സാഹസകൃത്യങ്ങളെ ചിലർ സ്മരിച്ചുപോയേക്കാം. എന്നാൽ അതു മീശാൻ്റെ ഒരു ഹാസകൃതിയുടെ പേരാണെന്നുള്ളതു വായനക്കാർ ഓർമ്മിക്കേണ്ടതാണു്. ‘പ്രതിച്ഛായ’ മീശാൻ്റെ മറ്റൊരു ഹാസ്യകൃതിയത്രെ. സഭ്യതയുടെ സീമയെ അതിലംഘിക്കാതിരിക്കാൻ കൃഷ്ണപിള്ള എല്ലാറ്റിലും പ്രത്യേകം ശ്രദ്ധിച്ചുകാണുന്നുണ്ടു്. ജീവിതവിജയം, കുടുംബാസൂത്രണം, മിസ് പി. പി., മിസ്റ്റർ കൊമ്പത്ത് എന്നീ പേരുകളിൽ വിനോദ പ്രധാനമായ ചില നാടകങ്ങളും മീശാൻ എഴുതിയിട്ടുണ്ട്.
