ഗദ്യസാഹിത്യചരിത്രം. ഒൻപതാമദ്ധ്യായം

വിനോദകഥകൾ

ചാക്യാരും നമ്പ്യാരും: ‘കനപ്പിച്ചിരുന്നു തത്ത്വജ്ഞാനം പ്രസംഗിക്കുമ്പോൾ ശ്രോതാക്കൾ, പ്രാസംഗികൻ എത്ര വിദ്വാനും വാ​ഗ്മീയുമാണെങ്കിലും, താനേ ഉറങ്ങിപ്പോകുന്നു. മനുഷ്യഹൃദയം അറിയുന്നവനാണു് ആ പ്രാസംഗികനെങ്കിൽ, അതിന്നിടയ്ക്ക് ഒന്നു താഴത്തിറങ്ങി ഒരു ഫലിതമോ, നേരമ്പോക്കായ ഉദാഹരണമോ പറഞ്ഞു് ആ ഉറക്കംതൂങ്ങികളെ ഒക്കെ ഒന്നുണർത്തി നിവർത്തിയിരുത്തി ഉന്മേഷവും ഉല്ലാസവും ഉളവാക്കുന്നു. ചിരിയാണു് മനുഷ്യനു ഹൃദ്യമായ ഭക്ഷണം; സഹജമായ മാനസോല്ലാസം’. ‘ചിരിക്കുന്ന കഥ കേട്ടാലിരിക്കു-മായതല്ലെങ്കിൽ തിരിക്കും’ എന്നുള്ള ചൊല്ലു പ്രസിദ്ധമാണല്ലോ. ഫലിതത്തിലും പരിഹാസത്തിലും മലയാളികളും മലയാളഭാഷയും അത്ര പിന്നിലല്ല. തോലകവിയുടേയും കുഞ്ചൻനമ്പ്യാരുടേയും മറ്റും വിനോദകവനങ്ങൾ സുപ്രസിദ്ധങ്ങളാണു്. വിനോദകവനങ്ങളെപ്പറ്റി ഈ ഗദ്യസാഹിത്യചരിത്ര*ത്തിൽ പരാമർശിക്കുന്നതു് ശരിയുമല്ല. എങ്കിലും ‘കാതിലോല’യും, ‘നല്ലതാളി” യും, ‘കൈപ്പിഴ വന്നതുകൊണ്ടുള്ള ഗൃഹപ്പിഴ’യും മറ്റും ഈയവസത്തിൽ ആരും അനുസ്മരിച്ചുപോകും. നമ്പൂരിപ്‌ഫലിതം സുപരിചിതമായയിരിക്കണം. ചാക്യാന്മാർ പ്രബന്ധങ്ങളും പുരുഷാർത്ഥങ്ങളും (നാടകങ്ങളിലെ വിദൂഷകൻ്റെ ഭാഗങ്ങളും) ചൊല്ലി യുക്തിയുക്തമായി അർത്ഥം പറഞ്ഞു വ്യാഖ്യാനിക്കുമ്പോൾ തട്ടിമൂളിക്കാറുള്ള ഫലിതങ്ങളും പരിഹാസങ്ങളും പ്രസിദ്ധിയേറിയവയാണു്. അടുത്തകാലത്തു ജീവിച്ചിരുന്ന രിൽ കുട്ടഞ്ചേരി നാരായണച്ചാക്യാരും, പൊതിയിൽ നാരായണച്ചാക്യാരും ഈ വിഷയത്തിൽ വളരെ കേൾവികേട്ടവരായിരുന്നു. വ്യാഖ്യാനങ്ങളിൽ അബദ്ധങ്ങൾ പിണഞ്ഞാൽ, വീണേടത്തുകിടന്നു വിദ്യയെടുക്കാൻ രണ്ടുപേരും അതിസമർത്ഥന്മാർ. പൊതിയിൽച്ചാക്യാരാണു പരിഹാസത്തിൽ കുറച്ചുകൂടി വിരുതൻ എന്നു തോന്നുന്നു. ചാക്യാന്മാരുടെ ഫലിതങ്ങളെപ്പറ്റി ഗ്രഹിക്കണമെന്നുള്ളവർ കൊച്ചി കേരളവർമ്മ അമ്മാമൻ തമ്പുരാൻ എഴുതിയിട്ടുള്ള ‘കൂത്തും കൂടിയാട്ടവും’ എന്ന കൃതി വായിച്ചു നോക്കേണ്ടതാണു്.

* ഈ ഗ്രന്ഥകാരൻ്റെ പദ്യസാഹിത്യചരിത്രത്തിൽ വിനോദകവനപ്രസ്ഥാനത്തെപ്പറ്റി വിവരിച്ചിട്ടുള്ളതു നോക്കുക.