പദ്യസാഹിത്യചരിത്രം. പതിന്നാലാമദ്ധ്യായം

മഹാകാവ്യങ്ങൾ

മലയാംകൊല്ലം: 1082 ചിങ്ങം മുതൽ ‘രസികരഞ്ജിനി’മാസികയിൽ പ്രസിദ്ധീകരിച്ചു തുടങ്ങിയ ഒരു കാവ്യമാണിത്. പന്ത്രണ്ടു സർഗ്ഗങ്ങളുള്ള പ്രസ്തുത കൃതിയിൽ ചിങ്ങം മുതലുള്ള പന്ത്രണ്ടു മാസങ്ങളുടെ വർണ്ണനമടങ്ങിയിരിക്കുന്നു.

കേടറ്റ കാർകുഴലു വെള്ളമൊഴിച്ചു മെയ്യിൽ
പാടേപെടും പൊടികളഞ്ഞു കുളിച്ചു ഭൂമി
ചൂടുള്ള സൂര്യകരമാം തുകിൽകൊണ്ടു തോർത്തി
മോടിക്കു ചന്ദ്രകരവസ്ത്രമണിഞ്ഞിടുന്നു.

ചിങ്ങമാസത്തെ വർണ്ണിക്കുന്ന ഒരു പദ്യമാണിതു്. ഭൂമിദേവിയുടെ സ്നാനം എത്ര മനോഹരമായിരിക്കുന്നു! * (കൊടുങ്ങല്ലൂർ കോവിലകത്തെ ഇക്കാവമ്മത്തമ്പുരാട്ടിയും അങ്കമാലിക്കടുത്തു പുരാടത്തില്ലത്തു ശങ്കരൻനമ്പൂരിയുമായിരുന്നു കൊച്ചുണ്ണിത്തമ്പുരാൻ്റെ മാതാപിതാക്കന്മാർ. കൊല്ലവർഷം 1033 മീനം 17-ാം തീയതി ഉത്രം നക്ഷത്രത്തിലാണു മഹാകവി ജനിച്ചതു്. അതിവേഗത്തിൽ വ്യുൽപത്തി നേടിയ തമ്പുരാൻ കാവ്യരചനയിൽ അധികകാലം ഏർപ്പെട്ടിരുന്നു. അക്ലേശമായി ശ്ലോകങ്ങൾ നിർമ്മിക്കുന്നതിനും, അവയെ ഓർമ്മയിൽ വെച്ചുകൊണ്ടിരിക്കുന്നതിനും അവിടത്തേക്കുണ്ടായിരുന്ന പാടവം ആരേയും അത്ഭുതംകൊള്ളിക്കുന്നതാണു്. മദിരാശിയിൽവച്ച് തീപ്പെട്ട കൊച്ചിമഹാരാജാവു് 1094-ൽ ഈ മഹാകവിക്കു് ‘കവിസാർവ്വഭൗമൻ’ എന്ന ബിരുദം നല്കുകയുണ്ടായി. സംസ്കൃതത്തിലും മലയാളത്തിലുമായി നാല്പതിലധികം കൃതികൾ തമ്പുരാൻ നിർമ്മിച്ചിട്ടുണ്ട്. 1101 കർക്കിടകം 11-ാം തീയതി അവിടന്നു് ഐഹികബന്ധം വിട്ടു.)

ശ്രീയേശുവിജയം: കട്ടക്കയത്തിൽ ചെറിയാൻ മാപ്പിളയുടെ കൃതിയാണ് ഈ മഹാകാവ്യം. ചെറിയാൻ മാപ്പിളയുടേയും കൊച്ചുണ്ണിത്തമ്പുരാൻ്റെയും കൃതികൾക്കുതമ്മിൽ അനന്യസാധാരണമായ ഒരു സാദൃശ്യം കാണാം. ഭാഷാശൈലി, പ്രാസപ്രയോഗം മുതലായ കാര്യങ്ങളിൽ വിശേഷിച്ചും.

നരാധിപാജ്ഞയ്ക്കൊരു തെല്ലു ലംഘനം
വരാതെ യൗസേപ്പധികം നയത്തൊടും
ധരാതലം താൻ പരിരക്ഷചെയ്യവേ
നിരാകുലം വാണു ജനങ്ങളൊക്കയും. (സ. 4. ശ്ലോകം. 1)

വഞ്ചീശവംശത്തിൽനിന്നും ഇതിനുമുമ്പുദ്ധരിച്ചിട്ടുള്ള പദ്യവുമായി തുലനം ചെയ്തു നോക്കുക.