മഹാകാവ്യങ്ങൾ
മാർത്തോമ്മാവിജയം: കേരളത്തിൽ ക്രിസ്തുമതത്തിനു ബീജാവാപം ചെയ്ത പുണ്യപുരുഷനാണു ക്രിസ്തുശിഷ്യനായ മാർത്തോമ്മ. അദ്ദേഹത്തിൻ്റെ ദിവ്യപ്രദാനങ്ങളെ പ്രകീർത്തിച്ചുള്ള പല ഗാനകൃതികളും ഖണ്ഡകാവ്യങ്ങളും മലയാളത്തിലുണ്ടായിട്ടുണ്ട്. ക്രൈസ്തവരുടെ വകയായി കേരളത്തിൽ ഇന്നു കാണുന്ന പദ്യകൃതികളിൽ പഴക്കമേറിയ മാർഗ്ഗംകളിപ്പാട്ടുതന്നെ മാർത്തോമ്മാചരിതമാണു്. ഇങ്ങനെ മാർത്തോമ്മയെ ലക്ഷ്യമാക്കിയുള്ള കൃതികൾ പലതുമുണ്ടായിട്ടുണ്ടെങ്കിലും അദ്ദേഹത്തിൻ്റെ അപദാനങ്ങളെ പ്രകീർത്തിക്കുന്ന ഒരു മഹാകാവ്യം ഭാഷയിൽ ഉണ്ടാവുക ഇതാദ്യമാകുന്നു. ഇതിൻ്റെ രചയിതാവാകട്ടെ, അരനൂറ്റാണ്ടിലധികം കാലമായി കാവ്യമാർഗ്ഗത്തിൽ സഞ്ചരിച്ചു് സഹൃദയസമാരാദ്ധ്യങ്ങളായ അനേകം സൽകൃതികൾ നിർമ്മിച്ചു തികച്ചും കൃതഹസ്തയായിത്തീർന്നിട്ടുള്ള മേരിജോൺ തോട്ടം അഥവാ സിസ്റ്റർ ബനീഞ്ഞയും. മലയാളത്തിൽ ഒരു മഹിളാമണിയുടെ മഹിതഭാവനയിൽനിന്നു രൂപം കൊള്ളുന്ന ആദ്യത്തെ മഹാകാവ്യവും ഇതുതന്നെ. രണ്ടുവിധത്തിലും മാർത്തോമ്മാവിജയത്തിൻ്റെ പ്രസിദ്ധീകരണത്തോടുകൂടി മലയാളഭാഷയിലെ ആദ്യത്തെ മഹാകവയിത്രിയായിത്തീർന്നിരിക്കുന്നു, സിസ്റ്റർ ബനീഞ്ഞ.
ക്രിസ്തുവിൻ്റെ ശിഷ്യോത്തമനായ മാർത്തോമ്മ ക്രിസ്തുവിൻ്റെ സന്ദേശവും വഹിച്ച് പ്രേഷിതവൃത്തിക്കായി കൊടുങ്ങല്ലൂരിൽ വന്നിറങ്ങുന്നതു മുതൽ മൈലാപ്പൂരിൽവച്ചു മരണമടയുന്നതുവരെയുള്ള മാർത്തോമ്മാചരിതമാണു് ഇതിലെ ഇതിവൃത്തം. കാവ്യത്തിൻ്റെ പരിശുദ്ധിക്കും നായകൻ്റെ മഹത്വത്തിനും തികച്ചും അനുരൂപമായ കഥാതന്തുവിനെയും കഥാനായകനെയുമാണു് നാമിതിൽ കാണുക. ദണ്ഡിയുടെ മഹാകാവ്യലക്ഷണത്തെ കാവ്യകർത്രി ആദരിക്കുന്നുണ്ടെങ്കിലും കാവ്യോൽക്കർഷത്തിനു് ആവശ്യമായ സ്വാതന്ത്ര്യവും സ്വീകരിച്ചിട്ടുണ്ട്. നായികാനായകന്മാർ ഒരു കഥയിൽ ആവശ്യമാണെന്നാണല്ലോ വെയ്പു്. ഇവിടെ അത്തരത്തിൽ ഒരു നായികയേ ഇല്ല. രസരാജനായ ശൃംഗാരത്തെയും കാവ്യത്തിൽനിന്നു നിശ്ശേഷം ഒഴിവാക്കിയിരിക്കുന്നു. ലോകഗുരുവായ ക്രിസ്തുദേവൻ്റെ ശിഷ്യോത്തമനായ മാർത്തോമ്മ നായകനായി നിലകൊള്ളുന്ന ഒരു കാവ്യത്തിൽ അത്തരം വിഷയങ്ങൾ സംയോജിപ്പിക്കുക അനൗചിത്യമായിരിക്കുമെന്നുള്ളതിൽ സംശയമില്ല. എന്നാൽ, ശൃംഗാരമൊഴികെയുള്ള അത്ഭുതഹാസ്യഭയാനകാദിരസങ്ങൾ അവസരോചിതമായി ഇതിൽ പ്രകാശിപ്പിച്ചിട്ടുമുണ്ട്. കഥാനിബന്ധനത്തിൽ ചരിത്രവസ്തുതകളേക്കാൾ ഐതിഹ്യങ്ങൾക്കു കൂടുതൽ സ്ഥാനമനുവദിച്ചിട്ടുള്ളതിനാൽ ഇതര രസങ്ങളേക്കാൾ അത്ഭുതരസത്തിനാണ് കാവ്യത്തിൽ പ്രാമുഖ്യമുള്ളതെന്നും പറയേണ്ടതുണ്ട്.
