പദ്യസാഹിത്യചരിത്രം. പതിന്നാലാമദ്ധ്യായം

മഹാകാവ്യങ്ങൾ

ഈ നാട്ടിൽനിന്നാട്ടിയകറ്റി
രാമനെ ഞാനാണു കാടേറ്റിയതെൻ്റെ പുത്രനെ
നാനാതരാപത്തു വരുത്തിവെച്ചതീ–
ഞാനാണു ദുഷ്പാപീനി നാട്ടിനിങ്ങനെ.

കാടാകവേ ചുറ്റിനടന്നു രാമനെ
ത്തേടാനെനിക്കാണവകാശമങ്ങിനെ,
നാടാകവേ ചുട്ടുകരിച്ച ദുഷ്കൃത–
ക്കോടാലിയാട്ടേ, മമ കാനനാടനം!
വിതച്ചവൻ കൊയ്യണമെന്ന തത്ത്വസം–
ഹിതയ്ക്കു ഞാൻ മൂലമിടിച്ചൽ പറ്റിടാ
അതങ്ങനെത്തന്നെ നടക്കുമെന്നഭീ–
പ്സിതം മറിച്ചാവുകയില്ലൊരിക്കലും. *

* (കുട്ടമത്ത് 1979 ജൂൺ 19-ാം തീയതി ചരമഗതി പ്രാപിച്ചു. പെരിങ്ങോട്ടില്ലത്തു സുബ്രഹ്മണ്യൻ നമ്പൂതിരിയും വൈദ്യശാസ്ത്രവിദുഷിയായ കുട്ടമത്തു കുഞ്ഞിപ്പാർവ്വതിഅമ്മയുമായിരുന്നു അച്ഛനമ്മമാർ. 1956-ൽ രോഗശയ്യയിൽ കിടക്കുമ്പോഴാണു ഊർമ്മിള എന്ന മഹാകാവ്യം എഴുതാൻ തുടങ്ങിയതു്. 1967-ൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. മണൽത്തരി, സത്യസ്വരൂപം തുടങ്ങിയവ കുറുപ്പിൻ്റെ കാവ്യസമാഹാരങ്ങളാണ്.)

ശ്രീകൃഷ്ണാഭ്യുദയം: മഹാകവി ബിരുദാലംകൃതനായ ടി. ആർ. നായർ രഘുവംശം തുടങ്ങിയ സംസ്കൃതകൃതികളുടെ വിവർത്തനത്തിനു പുറമെ, ശ്രീകൃഷ്ണാഭ്യുദയം എന്നൊരു സ്വതന്ത്രമഹാകാവ്യവും രചിച്ചിട്ടുണ്ട്.

ചാരിത്രവിജയം അഥവാ ജനോവാചരിതം: അരഡസനിലധികം ഖണ്ഡകാവ്യങ്ങൾ എഴുതിയിട്ടുള്ള ഒരു സരസകവിയാണ് ഡാനിയേൽ കണിയാങ്കട. അദ്ദേഹത്തിൻ്റെ ഒരു മഹാകാവ്യമാണ് ചാരിത്രവിജയം. സംസ്കൃതമഹാകാവ്യലക്ഷണങ്ങൾ തികഞ്ഞിട്ടുള്ള ഒരു വിശിഷ്ടകൃതിയുമാണിത്. ഐതിഹാസികമായ ഒരു ക്രിസ്തീയകഥയാണ് ഇതിലെ ഇതിവൃത്തം. പ്രസ്തുത കഥയെ ഔചിത്യവിചാരത്തോടെ 15 സർഗ്ഗങ്ങളിലായി അവതരിപ്പിച്ചിരിക്കുന്നു. കഥ പ്രഖ്യാതമായതുകൊണ്ട് കഥാപാത്രങ്ങളുടെ സ്വഭാവകല്പനയിൽ കവിക്കു കാര്യമായ ക്ലേശമൊന്നും നേരിടുകയില്ലെന്നുള്ളതു വ്യക്തമാണ്. എന്നുവരികിലും ചാരിത്രവിജയകർത്താവ് ആ അംശത്തിലും സ്വതന്ത്രമായ ബുദ്ധിചാതുരി പ്രകാശിപ്പിക്കാതിരുന്നിട്ടില്ല. മൂലകഥയിലെ അന്ത്യരംഗത്തിൽ, ‘ശിക്ഷ്യനെ ശിക്ഷിക്കുക, രക്ഷ്യനെ രക്ഷിക്കുക’ എന്നീ മട്ടിലുള്ള ദണ്ഡനീതികളാണു് നടക്കുന്നതു്. എന്നാൽ മഹാകാവ്യത്തിലാകട്ടെ,