പദ്യസാഹിത്യചരിത്രം. പതിന്നാലാമദ്ധ്യായം

മഹാകാവ്യങ്ങൾ

ഊർമ്മിള: പ്രസിദ്ധ മഹാകവിയായ കുട്ടമത്തിൻ്റെ കനിഷ്ഠസഹോദരൻ, കെ. കെ. കുട്ടമത്ത്, കുന്നിയൂർ ഈയിടെ പ്രസിദ്ധപ്പെടുത്തിയ ഒരു മഹാകാവ്യമാണു് ‘ഊർമിള’. ലക്ഷ്മണൻ്റെ പത്നിയും വിദേഹരാജപുത്രിയുമായ ഊമ്മിളയെപ്പററി രാമായണത്തിൽ അധികമൊന്നും പ്രസ്താവിച്ചിട്ടില്ലെങ്കിലും പതിഭക്തയായ ആ രാജകുമാരി പതിന്നാലുകൊല്ലവും വ്രതോപവാസങ്ങളുമായി മാതാക്കളെ ശുശ്രൂഷിച്ചുകൊണ്ടു കഴിയുകയായിരുന്നുവെന്നു നമുക്കൂഹിക്കാവുന്നതാണു്. ധർമ്മൈകശരണയായ ആ നായികയുടെ ചിന്തകൾ കുട്ടമത്ത് ഒരു മഹാകാവ്യത്തിനു വിഷയമാക്കിയിരിക്കുന്നു. പ്രസ്തുത കൃതിയിൽ. വിഷയം പഴയതെങ്കിലും പുതിയ കല്പനകൾ പലതും ഇതിൽ കാണാവുന്നതാണ്.

രാമലക്ഷ്മണന്മാരുടെ വനയാത്രയെപ്പറ്റി യാതൊന്നുമറിയാതിരുന്ന ഊർമ്മിള പന്തടിച്ചു കളിച്ചുകൊണ്ടിരിക്കുന്നതും, ഭിക്ഷുവേഷത്തിൽ ലക്ഷ്മണൻ വിടവാങ്ങാൻ ചെല്ലുന്നതും മറ്റുമായ രംഗങ്ങൾ വിവിധവികാരങ്ങളുടെ വിമിശ്രവ്യാമർദ്ദ ത്താൽ മനോഹരമായവയത്രെ. അതുപോലെതന്നെ, അവസാനഘട്ടത്തിൽ ഊർമ്മിള തീയിൽച്ചാടാൻ ഒരുമ്പെടുന്ന ഘട്ടവും ഭാവഭംഗിയുള്ളതുതന്നെ. കവിയുടെ രചനാപാടവത്തെ പ്രകാശിപ്പിക്കുവാൻ മാത്രമായി ഒരു പദ്യം ഇവിടെ ഉദ്ധരിക്കുന്നു ഭരതനും പരിവാരങ്ങളും ചിത്രകൂടത്തിലെത്തുമ്പോൾ ദൂരത്തുനിന്നു കാണുവാൻ കഴിഞ്ഞ രാമനെ ചിത്രീകരിക്കുന്നതാണ് പ്രസ്തുത ഭാഗം:

മന്നിലൂന്നിയ ധനുസ്സിലർപ്പിതവലംകരം ജനകജാഗളം-
തന്നിലർപ്പിതമിടംകരം, നിരുപമാവനാഴിയെഴുമംസവും
നിർന്നിമേഷമൂലകാക്കി നീലിമപെറും നിലാവൊളിയഹർന്നിശം
മിന്നിവെന്ന തനുകാന്തി ചിന്നിയുമതാ ലസിപ്പൂ രഘുപുംഗവൻ.

കൈകേയിയുടെ പശ്ചാത്താപത്തിൽനിന്നു രണ്ടുമൂന്നു പദ്യങ്ങൾകൂടി ഉദ്ധരിച്ചുകൊള്ളട്ടെ: