പദ്യസാഹിത്യചരിത്രം. പതിന്നാലാമദ്ധ്യായം

മഹാകാവ്യങ്ങൾ

രുഗ്മാംഗദചരിതം: പന്തളത്തു കേരളവർമ്മതമ്പുരാൻ്റെ രുഗ്മാംഗദചരിതമാണു രാമചന്ദ്രവിലാസത്തിനുശേഷം പുറപ്പെട്ട മലയാള മഹാകാവ്യം. ഉളളൂരിൻ്റെ ഉമാകേരളവും, തമ്പുരാൻ്റെ രുഗ്മാംഗദചരിതവും ഏകകാലത്തിൽ എഴുതുവാൻ തുടങ്ങിയതാണു്. തമ്പുരാൻ്റെ കൃതി 1083-ൽത്തന്നെ പൂർത്തിയാക്കിയെങ്കിലും, 1087-ൽ മാത്രമേ പ്രസിദ്ധപ്പെടുത്തുവാൻ കഴിഞ്ഞുള്ളൂ. പ്രസ്തുത മഹാകാവ്യത്തിൽ 19 സർഗ്ഗങ്ങൾ അടങ്ങിയിരിക്കുന്നു. 6-ാം സർഗ്ഗം യമകാലംകൃതവും, 11-ാം സർഗ്ഗം ചിത്രശ്ലോകവുമാണു്. പന്തളത്തിൻ്റെ പ്രൗഢവും നിരർഗ്ഗളവുമായ വചോവിലാസം അദ്ദേഹത്തിൻ്റെ ഇതരകൃതികളിൽ എന്നപോലെ ഈ മഹാകാവ്യത്തിലും ഉടനീളം വിലസുന്നു. തമ്പുരാൻ്റെ പാണ്ഡിത്യപ്രകർഷവും ഉചിതരസ വിചാരവും കാവ്യത്തിൻ്റെ ഏതുഭാഗത്തും സ്പഷ്ടമാണ്. കവിയുടെ കാവ്യവാണി പ്രയോഗം കാണിക്കുവാൻ മൂന്നു പദ്യങ്ങൾ ഉദ്ധരിക്കുന്നു:

മന്ദരാഗത കൈവിട്ടു–മന്ദരാഗതടം നൃപൻ
കന്ദരാഗതധാതുശ്രീ–കന്ദരാഗമണഞ്ഞുതേ. (11-1)

ഉടലിനു പരമെപ്പൊഴാകിലും വ–
ന്നുടവു ദൃഢം പിടിപെട്ടു കെട്ടുപോകും
ഉടനതു സുകൃതാർത്ഥ‌മായ് ത്യജിക്കാ–
നിടവരുമെങ്കിലതാണു ചാരിതാർത്ഥ്യം. (18-38)

വിജയോദയം, തമ്പുരാൻ്റെ മറ്റൊരു കാവ്യമാണു്. ഇതിൽ 8 സർഗ്ഗങ്ങൾ അടങ്ങിയിരിക്കുന്നു. കിരാതാർജ്ജുനീയമാണു കഥ.

പുരമഥനപുരാണപുണ്യപുര-
സ്ഫുരദതി ചാരുഫലായിതാംഗയഷ്ടി
നിരവധി കരുണാപയോധി ഭവ്യം
മുരഹരസോദരി സാദരം തരട്ടെ.

ഇങ്ങനെയാണ് തുടക്കംതന്നെ. തമ്പുരാൻ്റെ അക്ലിഷ്ടസുന്ദരമായ ശബ്ദധാടി അതിൽ ആപാദചൂഡം നിറഞ്ഞുവഴിയുന്നു.