പദ്യസാഹിത്യചരിത്രം. പതിന്നാലാമദ്ധ്യായം

മഹാകാവ്യങ്ങൾ

വിശ്വദീപത്തിലെ വിഷയം യേശുചരിതമാണെന്നു മുമ്പു പ്രസ്താവിച്ചുവല്ലൊ. ”അഹം ജഗതോ ജ്യോതിഃ’ (ഞാൻ ലോകത്തിൻ്റെ ദീപമാകുന്നു, പ്രകാശമാകുന്നു.) എന്ന സുവിശേഷവാക്യമാണു് ഈ നാമകരണത്തിന് അവലംബമെന്നു കാണുന്നു. ക്രിസ്തുവിൻ്റെ ചരിതത്തെ ആധാരമാക്കി ഒരു മഹാകാവ്യമെഴുതിയ സർ എഡ്വിൻ ആർനോൾഡ് തൽകൃതിക്കു നല്കിയിട്ടുള്ള സംജ്ഞയും വിശ്വദീപം (The Light of the World) എന്നാണല്ലോ. അതിനാൽ ഗ്രന്ഥനാമധേയം സർവ്വഥാ ഉചിതമായിട്ടുണ്ട്.

മഹാകാവ്യങ്ങൾക്കു ചില ലക്ഷണങ്ങളെല്ലാം നമ്മുടെ ആലങ്കാരികന്മാർ പണ്ടേ ചെയ്തുവച്ചിട്ടുള്ളതാണു്. അവയെത്തന്നെയാണ് വിശ്വദ്വീപകർത്താവും പിൻതുടർന്നിട്ടുള്ളത്. എന്നാൽ സംസ്കൃതവൃത്തങ്ങളല്ല, ദ്രാവിഡവൃത്തങ്ങളാണ് ഇതിൽ സ്വീകരിച്ചിട്ടുള്ളതെന്ന ഒരു പ്രത്യേകതയുണ്ട്. ഗാനാത്മകതയും, ആശയപ്രകാശനസൗകര്യവും സംസ്കൃതവൃത്തങ്ങളേക്കാൾ ദ്രാവിഡവൃത്തങ്ങൾക്കാകയാൽ ഈ വ്യതിയാനം ആദരണീയമാണു്. കാവ്യകാരൻ ഒരു സംഗീതകുശലൻകൂടി ആകയാൽ കാവ്യത്തിൽ ഉടനീളം വിലസുന്ന പദവിന്യാസവിശേഷങ്ങളും ശയ്യാഗുണവും അതീവ ആസ്വാദ്യമെന്നേ പറയേണ്ടു.