പദ്യസാഹിത്യചരിത്രം. പതിന്നാലാമദ്ധ്യായം

മഹാകാവ്യങ്ങൾ

തുടിച്ചും കരംകൊണ്ട് വെള്ളത്തിൽ വല്ലാ-
തടിച്ചും ദ്വിധാ നീന്തിയും ചാടിയും ഹാ,
ചൊടിച്ചൂളയിട്ടും പരം ലക്കിനോടി-
പ്പിടിച്ചും തകർത്താർ ചിരിച്ചാവധുക്കൾ.

വിശ്വദീപം: സരസ ഗായക കവിയായ പുത്തൻകാവ് മാത്തൻതരകൻ്റെ ഒരു കൃതിയാണ് വിശ്വദീപം മഹാകാവ്യം. ശ്രീയേശുചരിതമത്രേ ഇതിലെ പ്രമേയം. രാമായണാദികൃതികളെ ആദർശമാക്കിക്കൊണ്ടാണു് ഇതിൻ്റെ നിർമ്മാണമെന്നു തോന്നുന്നു. രാമായണത്തിലെപ്പോലെ കഥാവസ്തുവിനെ കാണ്ഡങ്ങൾ എന്ന പേരിൽ ഇതിലും വിഭജിച്ചിരിക്കുന്നു ദ്രാവിഡവൃത്തങ്ങളും സ്വീകരിച്ചിരിക്കുന്നു. ആദ്യത്തെ ഉദയകാണ്ഡത്തിൽ പഴയനിയമത്തിലെ ലോകസൃഷ്ടി മുതൽ ക്രിസ്തു ദേവോദയം വരെയുള്ള വിഷയങ്ങളാണ് പ്രതിപാദിക്കപ്പെടുന്നത് തുടർന്നുള്ള ബാലകാണ്ഡം, യോ​ഗകാണ്ഡം, കർമ്മകാണ്ഡം, ത്യാഗകാണ്ഡം എന്നീ നാലു കാണ്ഡങ്ങളിൽ പുതിയനിയമത്തിലെ നാലു സുവിശേഷങ്ങളിൽ അടങ്ങിയിട്ടുള്ള ശ്രീയേശുചരിതം വർണ്ണിക്കപ്പെട്ടിരിക്കുന്നു. ആകെയുള്ള അഞ്ചു കാണ്ഡങ്ങളിലും കൂടി 169 ഉപവിഷയങ്ങളും, 7600-ൽപരം ഈരടികളും ഇതിൽ ഉൾപ്പെടുന്നു. മഹാഭാരതം കിളിപ്പാട്ടു കഴിഞ്ഞാൽ ഇത്രയും ബൃഹത്തായ ഒരു മഹാകാവ്യം ഭാഷയിൽ മറ്റൊന്നുണ്ടെന്നു തോന്നുന്നില്ല.