മഹാകാവ്യങ്ങൾ
അടിയിലടർനടക്കുംവേളയിൽപ്പോർവിമാന–
പ്പടി, നഭസി പരുന്തിൻശ്രേണി ചാഞ്ഞും ചരിഞ്ഞും
പടിമയൊടുയരത്തിൽ ചുറ്റിടുന്നുണ്ട് കാട്ടി–
ന്നടിമുടിയൊരുപോൽ സംവീക്ഷചെയ്തേതിടത്തും. (13–42)
ഇതുപോലെ പുതുമതോന്നുന്ന വർണ്ണനകൾ പലതും ഈ മഹാകാവ്യത്തിൽ കാണാം. ദേവസ്യ അടുത്തകാലത്തു പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഒരു മഹാകാവ്യമാണു രാജാക്കന്മാർ.
പത്മിനീരാജഹംസം: വെബ്ലിയസ്സ് ലക്ഷ്മണൻനമ്പൂതിരിപ്പാട് എഴുതിയിട്ടുള്ള ഒരു മഹാകാവ്യമാണു് പത്മിനീരാജഹംസം. രജപുത്രവീരനായ പൃഥുസിംഹൻ അജിതസിംഹകുമാരിയായ പത്മിനിയെ വിവാഹം ചെയ്ത ചരിത്രകഥയാണു് ഇതിലെ ഇതിവൃത്തം. മുപ്പതിൽപ്പരം സർഗ്ഗങ്ങളുള്ള ഈ മഹാകാവ്യത്തിൽ നിന്നും ആദ്യത്തെ എട്ടു സർഗ്ഗം മാത്രം ചേർത്ത് ഒന്നാംഭാഗം എന്ന നിലയിൽ 1957-ൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതാണ് പ്രസ്തുത കൃതി. ചന്ദ്രപ്രഭാചരിതം, ഹരവിജയം തുടങ്ങിയ സംസ്കൃത കാവ്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഇതിലെ പല വർണ്ണനകളും ചെയ്തിട്ടുള്ളതെന്നു പ്രസ്താവനയിൽ കാവ്യകർത്താവു തുറന്നു പറയുന്നുണ്ട്. കവിയുടെ സംസ്കാരചേതോഗുണവും നിസർഗ്ഗ-സദ്വാസനാശക്തിയും വർണ്ണനകളിൽ എമ്പാടും കാണാം. സ്ത്രീകളുടെ ജലക്രീഡാവർണ്ണനത്തിൽ നിന്നു് ഒരു പദ്യം മാത്രം ഇവിടെ ഉദ്ധരിക്കുന്നു:
