മഹാകാവ്യങ്ങൾ
കവിയുടെ രസികത ഈ ഭാഗങ്ങളിലെല്ലാം സ്പഷ്ടമാണ്. അന്ധനായ ഇസഹാക്കിൻ്റെ മുന്നിൽ മേഷജീനപാണിയായി സൽക്കാരോദ്യക്തനായി കടന്നുചെല്ലുന്ന യാക്കോബിൻ്റെ ശബ്ദം കേട്ട് ‘സ്വാനത്തിലങ്ങിളയവൻ തനുവിൽ തദഗ്ര്യൻ ഞാനന്ധനിമ്മറിവിനെന്തൊരു ബന്ധമിപ്പോൾ” എന്നു വിചാരിച്ചു മനംകലങ്ങുന്ന ഇസഹാക്കിനെ കവി ചിത്രീകരിക്കുന്നതു നോക്കുക:
ഹാ! കുന്നിപോലുമിളകാത്ത നിജാന്തരംഗ-
മാകുന്ന സിന്ധുവിൽ വിചിന്തകളാം തരംഗം
ഏകുന്ന തല്ലുകൾ തദന്ധനു താപരംഗം
പൂകുന്നപോൽ വിശദമേകി വികാശഭംഗം.
കവിയുടെ സമയോചിതമായ ഈ ശബ്ദഗുംഫനത്തിന് ഒരു അഭിനന്ദനം നല്കിയേ മതിയാവൂ. ദേവസ്യയുടെ ‘കൊച്ചുത്രേസ്യാവിജയം’ എന്ന മണിപ്രവാള കാവ്യവും മഹാകാവ്യഗണത്തിൽ ഉൾപ്പെടുത്തി പറയാവുന്നതാണു്.
